അര്‍ദ്ധ നഗ്നയായി, രക്തം വാര്‍ന്ന നിലയില്‍ സഹായം തേടി പീഡനത്തിനിരയായ പന്ത്രണ്ടുകാരി; ആട്ടിയോടിച്ച് നാട്ടുകാര്‍
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്
ഉജ്ജയിന്‍: ബലാത്സംഗത്തിന് ശേഷം രക്തം വാർന്ന് അർദ്ധനഗ്നയായ 12 വയസുകാരി സഹായം അഭ്യർഥിച്ച് വീടുവീടാന്തരം കയറിയിറങ്ങി. സഹായിക്കാന്‍ വിസമ്മതിച്ച നാട്ടുകാര്‍ കുട്ടിയെ ആട്ടിയോടിക്കുകയും ചെയ്തു. സിസി ടിവിയില്‍ പതിഞ്ഞ ഈ ദാരുണസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു തുണ്ട് വസ്ത്രം മാത്രം ധരിച്ച് തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തിലെത്തിച്ചേരുകയായിരുന്നു. അവിടെയുള്ള പുരോഹിതനാണ് ഒരു ടവ്വല്‍ കൊണ്ട് കുട്ടിയെ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയില്‍ കുട്ടിക്ക് പീഡനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലേക്ക് മാറ്റി. രക്തം ആവശ്യം വന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരാണ് രക്തം നല്‍കിയത്. പെണ്‍കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണ്.
എന്നാല്‍ കുട്ടിയുടെ പേരും വിലാസവും ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാന്‍ കുട്ടിക്ക് സാധിച്ചില്ല. അജ്ഞാതരായ പ്രതികൾക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു.പ്രതികളെ എത്രയും വേഗം കണ്ടെത്താനും പിടികൂടാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ്മ പറഞ്ഞു.''അന്വേഷിക്കുകയാണ്. ഞങ്ങൾ ഉടൻ വിവരങ്ങൾ കണ്ടെത്തും." കുറ്റകൃത്യം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉദ്യോഗസ്ഥൻ പറഞ്ഞു."പെൺകുട്ടിക്ക് അവൾ എവിടെ നിന്നാണ് എന്ന് കൃത്യമായി ഞങ്ങളോട് പറയാൻ കഴിഞ്ഞില്ല. എന്നാൽ അവളുടെ ഉച്ചാരണം അവൾ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
2019 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും തിരോധാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ്.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്.അതിൽ 50 ശതമാനത്തിലേറെയും പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളാണ്. പ്രതിദിനം 18 ബലാത്സംഗങ്ങൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.