പാർലമെന്റിലെ പദപ്രയോഗങ്ങൾക്ക് വിലക്ക്: പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ

തീരുമാനം പിൻവലിക്കാൻ ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും എംപിമാരുടെ കത്ത്

Update: 2022-07-15 01:04 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: പാർലമെന്റിൽ പദപ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷം. ലോക്‌സഭ സ്പീക്കർ, രാജ്യസഭ അധ്യക്ഷൻ എന്നിവർക്കർക്ക് എം.പിമാർ പരാതി നൽകി.

പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾ നടത്താതെയും ഒരു പാർട്ടികളേയും അറിയിക്കാതെയുമാണ് പദപ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബുക്ക്‌ലെറ്റ് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ബുക്ക്‌ലെറ്റിനെതിരെ ഇതിനോടകം രംഗത്ത് വന്ന പ്രതിപക്ഷം തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ഇരു സഭകളിലും വിഷയം ഉന്നയിക്കും.

17 ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. പ്രതിപക്ഷ ശബ്ദം ഉയരാതിരിക്കാനും വിമർശനങ്ങൾ ഇല്ലാതാക്കാനുമാണ് സർക്കാർ നീക്കം എന്നാണ് ആക്ഷേപം. അഗ്‌നിപഥ്, വന നിയമ ഭേദഗതി, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കാനിരിക്കെ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതെന്നും വിമർശനമുണ്ട്.

അതേസമയം, ചില വാക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നാണ് ലോക്‌സഭ സ്പീക്കർ ഓം ബിർലയുടെ നിലപാട്. അഴിമതി, സ്വേച്ഛാദിപതി, നാട്യക്കാരൻ, കഴിവില്ലാത്തവൻ ഉൾപ്പെടെ 65 ഓളം വാക്കുകളാണ് പാർലമെന്റിൽ വിലക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News