സ്റ്റാന്‍ സ്വാമിയുടെ മരണം: മനുഷ്യാവകാശത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വം -പി.കെ കുഞ്ഞാലിക്കുട്ടി
ആരോഗ്യ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും അടിയന്തര ചികിത്സ പോലും നിഷേധിച്ച് തടവറയില്‍ നിന്നു പുറത്തിറക്കാതെ ഈ രാജ്യസ്‌നേഹിയെ മരണത്തിനു കൈമാറുകയായിരുന്നു.
ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ തടവറയിലെ മരണം രാജ്യത്തെ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണെന്നും ഇത് മാനുഷികനീതി നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കണമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടരി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്തെ നടുക്കിയ വാര്‍ത്തയാണിത്. ദളിതര്‍ക്കും മറ്റു പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് തീവ്രവാദ മുദ്രകുത്തി മനുഷ്യസ്‌നേഹിയായ ഒരു പൊതു പ്രവര്‍ത്തകനെ ജയിലിലടച്ച് മരണത്തിലേക്കു തള്ളിയത്.
ആരോഗ്യ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും അടിയന്തര ചികിത്സ പോലും നിഷേധിച്ച് തടവറയില്‍ നിന്നു പുറത്തിറക്കാതെ ഈ രാജ്യസ്‌നേഹിയെ മരണത്തിനു കൈമാറുകയായിരുന്നു. നീതിക്കുവേണ്ടി പൊരുതുന്നവരോടുള്ള ഭരണ കൂടത്തിന്റെ താക്കീതാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയോട് ചെയ്ത നിഷ്ഠൂരത.
ഇനിയുമെത്രയോ നിരപരാധികള്‍, മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകര്‍ വിചാരണപോലും നേരിടാതെ രാജ്യത്തെ നിരവധി ജയിലുകളില്‍ കഴിയുന്നുണ്ട്. കോടതി നിര്‍ദേശിച്ചിട്ടും മാരകരോഗത്തിനുപോലും ചികിത്സ നിഷേധിക്കുന്ന ഭരണകൂട, പൊലീസ് നടപടികള്‍ മനുഷ്യത്വ വിരുദ്ധവും പ്രാകൃതവുമാണ്. ഭരണകൂടങ്ങളില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത് നീതിയാണ്. അതു നല്‍കാനാവില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും എന്തു വിലയാണുള്ളത്-കുഞ്ഞാലിക്കുട്ടി ചോദിച്ചു.