'ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണം'; രാജ്നാഥ് സിങ്ങിന് പ്രമുഖരുടെ കത്ത്

മുൻ ജഡ്ജിമാർ, നയതന്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങുന്ന 25 പേരാണ് കത്തയച്ചത്.

Update: 2024-08-02 07:13 GMT
Advertising

ഡൽഹി: ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പ്രമുഖർ രംഗത്ത്. മുൻ ജഡ്ജിമാർ, നയതന്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങുന്ന 25 പേരാണ് ഇക്കാര്യമാവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചത്.  

ഇസ്രായേലിലേക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ഇത് അന്താരാഷ്ട്ര നിയമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ലംഘനമാണെന്നുമാണ് കത്തിൽ പറയുന്നത്. ഇസ്രായേലിന് സൈനിക ആയുധങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ കമ്പനികൾക്ക് തുടർച്ചയായി കയറ്റുമതി ലൈസൻസുകൾ അനുവദിച്ചതിൽ ആശങ്കാകുലരാണെന്നും പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തണമെന്നും കത്തിൽ അഭ്യർഥിക്കുന്നു. 

അന്താരാഷ്ട്ര നീതിന്യായ കോടതി വിധികൾ പ്രകാരം ഇസ്രായേലിന് സൈനിക സാമഗ്രികൾ വിതരണം ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51(സി) യുടെയും ആർട്ടിക്കിൾ 21ന്‍റെയും ലംഘനത്തിന് തുല്യമാണതെന്നും കത്തിൽ വ്യക്തമാക്കുന്നു. ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി, ഡയറക്ടർ ജനറൽ ഫോറിൻ ട്രേഡ് എന്നിവർക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News