അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം തുടരാൻ സാധ്യത; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം
റെയിൽ ഗതാഗതം സ്തംഭിപ്പിപ്പിച്ചുള്ള ഉദ്യോഗാർഥികളുടെ നിലവിലെ പ്രതിഷേധം തെരുവിലേക്ക് നീങ്ങാനുള്ള സാധ്യത കേന്ദ്രം കാണുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ സുരക്ഷ ഒരുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
ന്യൂഡൽഹി: സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് ഇന്നും പ്രതിഷേധം തുടരുമെന്ന് റിപ്പോർട്ട്. വലിയ പ്രതിഷേധങ്ങൾ മുന്നിൽക്കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരും. തെലങ്കാനയിൽ പ്രതിഷേധിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
റെയിൽ ഗതാഗതം സ്തംഭിപ്പിപ്പിച്ചുള്ള ഉദ്യോഗാർഥികളുടെ നിലവിലെ പ്രതിഷേധം തെരുവിലേക്ക് നീങ്ങാനുള്ള സാധ്യത കേന്ദ്രം കാണുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ സുരക്ഷ ഒരുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സാമൂഹ്യമാധ്യമങ്ങളിൽ കർശന നിരീക്ഷണമേർപ്പെടുത്താനും നിർദേശമുണ്ട്. വലിയ പ്രതിഷേധമുണ്ടായ ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് തുടരും.
തെലങ്കാനയിൽ പ്രതിഷേധിച്ച നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു. ബിജെപി ഓഫീസുകൾ ലക്ഷ്യം വെച്ചുള്ള പ്രതിഷേധമാണ് കേന്ദ്രസർക്കാറിന് തലവേദന ഉണ്ടാക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിൽ നിരവധി ഓഫീസുകളാണ് പ്രതിഷേധക്കാർ അടിച്ചു തകർത്തത്. പദ്ധതിയിൽ പുനപ്പരിശോധന വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അത്തരം കാര്യങ്ങളിലേക്ക് കേന്ദ്രം കടന്നേക്കില്ല. പകരം ഉദ്യോഗാർഥികൾക്കായി ബോധവൽക്കരണം നടത്താനുള്ള സാധ്യതയുമുണ്ട്.