'കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മദ്യം'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ടി.ഡി.പി
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ്.
ഹൈദരാബാദ്: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശിൽ വ്യത്യസ്തമായ വാഗ്ദാനങ്ങളുമായി തെലുങ്കുദേശം പാർട്ടി. കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുമെന്നതാണ് ടി.ഡി.പിയുടെ വാഗ്ദാനം. ടി.ഡി.പി തലവനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കുപ്പം മണ്ഡലത്തിൽ നടത്തിയ റാലിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കുപ്പത്ത് നിന്നാണ് നായിഡു ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
''ടി.ഡി.പി സർക്കാർ രൂപീകരിച്ച് 40 ദിവസത്തിനകം ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുമെന്ന് മാത്രമല്ല, വില കുറയ്ക്കാനുള്ള ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുക്കുന്നു''-നായിഡു പറഞ്ഞു.
മദ്യത്തിന്റെ വില വർധിപ്പിച്ചതിന് ജഗ്മോഹൻ റെഡ്ഢി സർക്കാരിനെ നായിഡു രൂക്ഷമായി വിമർശിച്ചു. മദ്യത്തിന്റെ അടക്കം എല്ലാത്തിന്റെയും വില കുതിക്കുകയാണ്. മദ്യത്തിന്റെ വില കുറയണമെന്നാണ് നമ്മുടെ യുവാക്കൾ ആഗ്രഹിക്കുന്നത്. മദ്യത്തിന്റെ വില ബോട്ടിലിന് 60 രൂപയിൽനിന്ന് 200 രൂപയായി വർധിപ്പിക്കുകയാണ് ജഗ്മോഹൻ റെഡ്ഢി ചെയ്തത്. ഇതിലൂടെ 100 രൂപ സർക്കാർ പോക്കറ്റിലാക്കുകയാണെന്നും നായിഡു പറഞ്ഞു.
2022-23 വർഷത്തിൽ എക്‌സൈസ് നികുതിയിനത്തിൽ 24,000 കോടി രൂപയാണ് ആന്ധ്രാപ്രദേശ് സർക്കാരിന് ലഭിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 17,000 കോടി രൂപയായിരുന്നു. കൂടിയ വിലക്ക് ഗുണനിലവാരം കുറഞ്ഞ മദ്യമാണ് ജഗ്മോഹൻ റെഡ്ഢി സർക്കാർ ലഭ്യമാക്കുന്നതെന്ന് നേരത്തെയും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ മദ്യവ്യാപാരം പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്.
ബി.ജെ.പി-ടി.ഡി.പി-ജനസേനാ സഖ്യമാണ് ആന്ധ്രാപ്രദേശിൽ മത്സരിക്കുന്നത്. ബി.ജെ.പി ആറു ലോക്‌സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും മത്സരിക്കും. ടി.ഡി.പി 17 ലോക്‌സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. ജനസേനക്ക് രണ്ട് ലോക്‌സഭാ സീറ്റും 21 നിയമസഭാ സീറ്റുമാണ് നൽകിയത്.