കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെ കോടതിയിൽനിന്ന് 'മുങ്ങി' യു.പി മന്ത്രി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് രാകേഷ് സച്ചന്‍ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേര്‍ന്നത്
ലഖ്‌നൗ: കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെ കോടതി മുറിയിൽനിന്ന് 'മുങ്ങി' യു.പി മന്ത്രി രാകേഷ് സച്ചൻ. 1991ലെ മോഷണക്കേസിലാണ് യു.പി ചെറുകിട-ഇടത്തരം സംരംഭ, ഖാദി വകുപ്പ് മന്ത്രി രാകേഷ് കുറ്റക്കാരനാണെന്ന് കാൺപൂർ കോടതി കണ്ടെത്തിയത്.
നിയമവിരുദ്ധമായി ആയുധം കൈയിൽവച്ച കേസിലാണ് രാകേഷ് സച്ചൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കാൺപൂർ കോടതി കണ്ടെത്തിയത്. എന്നാൽ, വിധിയിൽ അതൃപ്തരായ മന്ത്രിയും അഭിഭാഷകരും ശിക്ഷ വിധിക്കും മുൻപ് കോടതിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കാൺപൂർ കോടതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എല്ലാവരെയും ബന്ധപ്പെട്ടുവരികയാണ്. അന്വേഷണം പൂർത്തിയായാൽ നിയമം അനുസരിച്ച് മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.
മന്ത്രിക്കെതിരെ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനാണ് മന്ത്രി കോടതിയിൽനിന്ന് മുങ്ങിയതെന്ന് എസ്.പി തലവൻ അഖിലേഷ് യാദവ് ആരോപിച്ചു. വിധി പറയുന്നതിനിടെ മന്ത്രി ജഡ്ജിക്ക് സ്ലിപ്പ് നൽകിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിച്ചു. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും വ്യാജമായുണ്ടാക്കിയതാണെന്നും രാകേഷ് സച്ചൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി തൊട്ടടുത്ത ജില്ലയിൽ ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രവും മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് രാകേഷ് സച്ചൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. കുർമി സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടിയായ സച്ചന് കാൺപൂർ ദേഹാത്ത് ജില്ലയിലെ ഭോഗ്നിപൂർ മണ്ഡലത്തിലാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. പുതിയ യോഗി സർക്കാരിൽ ബി.ജെ.പി മന്ത്രിസ്ഥാനവും നൽകി.
Summary: UP minister Rakesh Sachan found guilty in Arms Act, leaves court before verdict in a 1991 case