ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കലാപത്തിലെ പ്രതി പിടിയിൽ; കർണാടകയിൽ കോൺഗ്രസ് - ബിജെപി പോര്
ബാബരി മസ്ജിദ് തകർത്ത് 31 വർഷം പിന്നിടുമ്പോഴാണ് അറസ്റ്റ്
ബംഗളൂരു: 1992ൽ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് ഹുബ്ലിയിലുണ്ടായ കലാപത്തിൽ പ്രതിയായ ആളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ ചൊല്ലി കർണാടകയിൽ കോൺഗ്രസ് - ബിജെപി പോര്. 50കാരനായ ശ്രീകാന്ത് പൂജാരിയെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ബാബരി മസ്ജിദ് തകർത്ത് 31 വർഷം പിന്നിടുമ്പോഴാണ് അറസ്റ്റ്.
സംഭവം നടക്കുമ്പോൾ 20 വയസ്സായിരുന്നു ശ്രീകാന്തിന്. അറസ്റ്റ് പതിവ് നടപടിയുടെ ഭാഗം മാത്രമാണെന്നും ഇത്രയും കാലമായിട്ടും ഇയാളെ പിടികൂടിയിട്ടില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചിരുന്നു.
എന്നാൽ, അറസ്റ്റിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച ബിജെപി പ്രവർത്തകർ സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളെ വേട്ടയാടുകയാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, ബിജെപിയുടെ പ്രതിഷേധത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. എത്ര കാലം മുമ്പാണ് കുറ്റം ചെയ്തതെങ്കിലും കുറ്റവാളി എന്നും കുറ്റവാളി തന്നെയായിരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘പഴയ കേസുകൾ പരിശോധിക്കുന്ന പതിവ് നടപടിയുടെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. അയാളെ മാത്രമല്ല ലക്ഷ്യമിട്ടിട്ടുള്ളത്. അയാളൊരു കുറ്റം ചെയ്തതിനാലാണ് അറസ്റ്റിലായത്. നിയമത്തെക്കുറിച്ച് ബിജെപിക്ക് ഒന്നും അറിയില്ല. സമാധാനം നിലനിൽക്കുന്ന കർണാടകയിൽ എന്തും രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്’ -സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു വ്യക്തിയെ മാത്രമല്ല പിടികൂടുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ‘പഴയ കേസിൽ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെങ്കിൽ ഞങ്ങൾ ആരോപണങ്ങൾ അംഗീകരിക്കാം. എന്നാൽ, സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും അന്വേഷിച്ച് തീർപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേർക്കൊപ്പമാണ് ശ്രീകാന്ത് അറസ്റ്റിലായത്. നിയമം അതിന്റേതായ വഴി സ്വീകരിക്കും, ഒരു പ്രത്യേക മതവുമായി അതിന് യാതൊരു ബന്ധവുമില്ല -ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് ആരോപിച്ചു. 2002ൽ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവം ആവർത്തിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ അറസ്റ്റിനെതിരെ കേന്ദ്ര മന്ത്രി പ്രഹ്ലാദൻ ജോഷിയടക്കമുള്ള ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടക്കുന്ന സമയത്ത് തന്നെയാണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അയോധ്യയിൽ രാമക്ഷേത്രം തുറന്ന് രാജ്യത്ത് ചരിത്രം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസിന് അത് ദഹിക്കുന്നില്ലെന്നും അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിനെതിരെ ബിജെപി പ്രതിഷേധം പ്രഖ്യാപിച്ചതോടെ ഹുബ്ലിയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ രേണുക സുകുമാർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹുബ്ലി ജില്ലയിലെ ചന്നപ്പേട്ടിലുള്ള ഓട്ടോ ഡ്രൈവറായ ശ്രീകാന്ത് പൂജാരി അറസ്റ്റിലാകുന്നത്. വിവിധ സംഘടനകളുടെ ഭാഗമായ ഇയാൾക്ക് 1992ൽ ഹുബ്ലിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നു. കലാപമുണ്ടാക്കിയതിനും ആക്രമിച്ചതിനുമായി മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ ഹുബ്ലിയിൽ കടകൾക്കെല്ലാം തീയിട്ടിരുന്നു.
കഴിഞ്ഞ 31 വർഷത്തിനിടെ പൂജാരിക്കെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 1991ന് പുറമെ 1999, 2001, 2014 വർഷങ്ങളിൽ കലാപം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവ കൂടാതെ ചൂതാട്ടം, അനധികൃത മദ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇയാൾ ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ലെന്നും ഹുബ്ലി പോലീസ് പറഞ്ഞു.