പിന്നാക്കം നിൽക്കുന്നവർക്ക് പലിശരഹിത വായ്പ; അഞ്ചുവർഷത്തിനകം 100 പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ ലക്ഷ്യമിട്ട് 'സഹുലത്ത്'

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും ഇക്കാലയളിൽ കൂടുതൽ ഊന്നൽ നൽകുക

Update: 2024-08-13 04:08 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അഞ്ചുവർഷത്തിനകം 100 പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ ലക്ഷ്യമിട്ട് സഹുലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി. താഴ്ന്ന വരുമാനമുള്ള കുടുബങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസ, പാർപ്പിട ആവശ്യങ്ങൾക്ക് പലിശരഹിത ചെറുകിട വായ്പകൾ നൽകുന്ന മൈക്രോഫിനാൻസ് സൊസൈറ്റിയാണ് സഹുലത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ കൂടുതലായി തുറക്കുക.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായം പലിശരഹിത വായ്പയിലൂടെ നൽകുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹുലത്ത് മൈക്രോഫിനാൻസ് സൊസൈറ്റി. ഓരോ ഗ്രാമത്തിലും നഗരത്തിലും അവിടെത്തന്നെയുള്ള പത്തോ ഇരുപതോ മനുഷ്യരുടെ കൂട്ടായ്മ രൂപപ്പെടുത്തി അവരുടെ തന്നെ നിക്ഷേപം പലിശയുടെ വിഷം പുരളാതെ പരസ്പരം പങ്കുവെക്കലാണ് സഹുലത്തിന്റെ അടിസ്ഥാന പ്രവർത്തന തത്വം.

ഇതിലൂടെ, അംഗങ്ങളുടെ ഡിപ്പോസിറ്റിൽ നിന്നും ചുരുങ്ങിയ കാലയളവിൽ തന്നെ ലോണിന് അപേക്ഷിക്കാനാവും. അംഗത്വമെടുക്കാനുള്ള എളുപ്പം, അധികഭാരമില്ലാത്ത തിരിച്ചടവ്, സൗകര്യപ്രദമായ ദൈനംദിന നിക്ഷേപ സംവിധാനം എന്നിവയാണ് സഹുലത്തിന് കീഴിലുള്ള സൊസൈറ്റികളുടെ പ്രത്യേകത. അംഗങ്ങൾക്ക് ആവശ്യമായ നിയമ സഹായം , സാങ്കേതിക സഹായം , ഗവേഷണ, പ്രവർത്തന സഹായം എന്നിവയും ഉറപ്പാക്കും.

2010ൽ ഡൽഹിയിൽ തുടക്കംകുറിച്ച സഹുലത്തിന്റെ പ്രഥമ പ്രസിഡന്‍റ്  പ്രഫ. കെ.എ. സിദ്ധീഖ് ഹസൻ ആയിരുന്നു. ബിഹാറിലെ അൽ ഖൈർ, തെലങ്കാനയിലെ ഖിദ്മത്ത്, ആന്ധ്രപ്രദേശിലെ സേവ, ബിഹാറിലെ അൽ ബറക്ക, മഹാരാഷ്ട്രയിലെ ബൈത്തുന്നസ്ർ, കേരളത്തിലും തമിഴ്നാട്ടിലും ബ്രാഞ്ചുകളുള്ള സംഗമം തുടങ്ങി 61 ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികൾ കഴിഞ്ഞ 14 വർഷത്തിനകം സഹുലത്തിന് കീഴിൽ രൂപവത്കരിച്ചിട്ടുണ്ട്. 113 ബ്രാഞ്ചുകളിലായി 3 ലക്ഷം ഗുണഭോക്താക്കളാണ് നിലവിലുള്ളത്. 439 കോടിയോളം രൂപയുടെ ധന സഹായം ഇതുവരെയായി നൽകി. വിവിധ സംസ്ഥാനങ്ങളിൽ രൂപവത്കരിക്കുന്ന മൈക്രോഫിനാൻസ് സഹകരണ സൊസൈറ്റികൾക്ക് മാർഗനിർദേശം നൽകാനും അവയുടെ പ്രവർത്തനം നിയന്ത്രിക്കാനുമുള്ള കേന്ദ്രീകൃത സംവിധാനമായാണ് സഹുലത്ത് നിലകൊള്ളുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞൻമാരുടെയും ഇസ്‍ലാമിക് ബാങ്കിങ് വിദഗ്ധരുടെയും നിരന്തരകൂടിയാലോചനകളിലൂടെയാണ് രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ സഹുലത്തിന് രൂപം നൽകിയത്.അഞ്ചുവർഷത്തിനകം 100 പുതിയ ബ്രാഞ്ചുകൾ തുടങ്ങുക എന്നതാണ് സഹുലത്തിന്റെ അടുത്തലക്ഷ്യം. ധാരാളം ദരിദ്രർ അധിവസിക്കുന്ന ഉത്തർ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇക്കാലയളിൽ കൂടുതൽ ഊന്നൽ നൽകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News