'പ്രായശ്ചിത്തമായി മൂന്നു ദിവസം വ്രതമെടുക്കും'; 'ജഗന്നാഥൻ മോദി ഭക്തൻ' പരാമർശത്തിൽ മാപ്പുപറഞ്ഞ് സംബിത് പത്ര
ബി.ജെ.പി ദേശീയ വക്താവായ സംബിത് പത്ര പുരി ലോക്സഭാ സ്ഥാനാർഥി കൂടിയാണ്
ഭുവനേശ്വർ: ഭഗവാൻ ജഗന്നാഥൻ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പരാമർശത്തിനു പിന്നാലെ കൂടുതൽ വിശദീകരണവുമായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. അബദ്ധത്തിലാണ് ഇത്തരമൊരു പരാമർശം വന്നത്. ലക്ഷക്കണക്കിനു ഭക്തരെ അതു വേദനിപ്പിച്ചിട്ടുണ്ടെന്നു തിരിച്ചറിയുന്നു. ഭഗവാൻ ജഗന്നാഥനോടുള്ള പ്രായശ്ചിത്തമായി മൂന്നു ദിവസം വ്രതമെടുക്കുമെന്നും പത്ര അറിയിച്ചു.
15-16 ചാനലുകൾക്ക് താൻ ബൈറ്റ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും മോദി ജഗന്നാഥന്റെ ഭക്തനാണെന്നാണ് ഞാൻ പറയുന്നത്. മുഖ്യമന്ത്രിയായപ്പോഴും അതിനുമുൻപുമെല്ലാം അഹ്മദാബാദിലെ ജഗന്നാഥ ക്ഷേത്രം സ്ഥിരമായി സന്ദർശിക്കാറുണ്ട് മോദി. ഇതേ കാര്യമാണ് മാധ്യമപ്രവർത്തകർ ബൈറ്റ് ചോദിച്ചു വന്നപ്പോഴും പറഞ്ഞത്. വലിയ ആൾക്കൂട്ടത്തിനിടയിൽ വച്ചായിരുന്നു സംസാരിച്ചത്. ശക്തമായ ചൂടും ബഹളവുമെല്ലാമായിരുന്നു. ഉദ്ദേശിച്ചതിനു നേരെ തിരിച്ചാണു ഞാൻ അറിയാതെ പറഞ്ഞുപോയത്. ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നു പറഞ്ഞുപോയെന്നും സംബിത് പാത്ര എ.എൻ.ഐയ്ക്കു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
ദൈവം ഏതെങ്കിലും മനുഷ്യന്റെ ഭക്തനാണെന്ന് ആരും സ്വബോധത്തോടെ പറയില്ല. എന്റെ പരാമർശം ചിലരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം. അറിയാതെ തെറ്റ് ചെയ്തു പോയവർക്കു മാപ്പുനൽകുന്നവനാണു ദൈവം. മനഃപൂർവം പറഞ്ഞതായിരുന്നില്ല അത്. ജഗന്നാഥൻ പ്രപഞ്ചത്തിന്റെ നാഥനാണ്. ലക്ഷക്കണക്കിന് ഒഡിഷക്കാരെ പോലെ ദൈവത്തിന്റെ കടുത്ത ഭക്തനാണ് താൻ. അറിയാതെ സംഭവിച്ച നാക്കുപിഴയ്ക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതിനാൽ മൂന്നു ദിവസം വ്രതമെടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും പത്ര പറഞ്ഞു.
നരേന്ദ്ര മോദി ഇന്ന് പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സംബിത് പത്രയുടെ പരാമർശം. പുരി ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് പത്ര. കഴിഞ്ഞ ദിവസം ഇവിടെ പത്രയ്‌ക്കൊപ്പം മോദി റോഡ് ഷോ നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
ലക്ഷക്കണക്കിനു പേർ മോദിയെ കാണാനായി ഇവിടെ എത്തിയിട്ടുണ്ടെന്നു പറഞ്ഞു തുടങ്ങിയ പത്ര ജഗന്നാഥനും മോദിയുടെ ഭക്തനാണെന്ന് അവകാശപ്പെടുകയായിരുന്നു. നമ്മളെല്ലാവരും മോദിയുടെ കുടുംബാംഗങ്ങളാണ്. വികാരങ്ങൾ നിയന്ത്രിക്കാൻ എനിക്കാകുന്നില്ല. എല്ലാ ഒഡിഷക്കാരുടെയും ചരിത്രദിനമായിരിക്കും ഇന്നെന്നും പത്ര പറഞ്ഞു.
പ്രസ്താവനയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെ വികാരമാണ് സംബിത് പത്ര വ്രണപ്പെടുത്തിയതെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ(ബി.ജെ.ഡി) നേതാവുമായ നവീൻ പട്നായിക് പ്രതികരിച്ചു. ജഗന്നാഥൻ പ്രപഞ്ചത്തിന്റെ മൊത്തം ദൈവമാണ്. മഹാപ്രഭുവിനെ ഒരു മനുഷ്യന്റെ ഭക്തനെന്നു പറയുന്നത് അവഹേളനമാണ്. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെയും ലോകമെങ്ങുമുള്ള ഒഡിഷക്കാരുടെയും വികാരം വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും പട്നായിക് വിമർശിച്ചു.
ഒഡിഷക്കാരുടെ അഭിമാനത്തിനുമേലുള്ള ആക്രമണമാണു പത്രയുടെ പരാമർശമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നാണ് പത്ര പറയുന്നത്. ദേശീയ മാധ്യമങ്ങൾക്കും ഓരോ ഒഡിഷക്കാർക്കും മുന്നിൽ കൈക്കൂപ്പി പത്ര മാപ്പുപറയണം. അധിക്ഷേപ പരാമർശമാണു നടത്തിയിരിക്കുന്നത്. പറയുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Summary: BJP leader Sambit Patra apologises for 'Lord Jagannath is Narendra Modi's devotee' remark; will observe 3 days fast as penance