തോരാതെ പേമാരി; ബെംഗളൂരുവിൽ വീണ്ടും വെള്ളപ്പൊക്കം, സ്കൂളുകള്‍ അടച്ചു,ജനജീവിതം താറുമാറായി

അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു

Update: 2022-09-07 06:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വീണ്ടും വെള്ളപ്പൊക്കം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പലരും വീടുകളിൽ ഒറ്റപ്പെട്ടു. ബോട്ടുകളിലും ട്രാക്ടറുകളിലുമായി വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സിലിക്കൺ സിറ്റിയിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും സെപ്തംബർ 9 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


റെയിൻബോ ഡ്രൈവ് ലേഔട്ട്, സണ്ണി ബ്രൂക്‌സ് ലേഔട്ട്, ബെല്ലന്തൂർ, ഇക്കോ ബോർഡ്, സർജാപൂർ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനാൽ നാശനഷ്ടമുണ്ടായി. സെപ്റ്റംബർ 1 നും 5 നും ഇടയിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.

പ്രധാന വിവരങ്ങൾ

1) ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

2) തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിലെ ടെക് പാർക്കുകൾ വെള്ളത്തിനടിയിലായതിനാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

3) ഐടി മേഖലയിലെ സ്ഥാപനങ്ങളിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഐടി മന്ത്രി അശ്വത് നാരായണൻ ഇന്ന് വൈകിട്ട് 5 മണിക്ക് വിധാൻ സഭയിൽ ഐടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

4) 50 വർഷത്തിനിടയിൽ ബെംഗളൂരു നഗരത്തിൽ പെയ്ത ഏറ്റവും ശക്തമായ മഴയാണിത്. കനത്ത മഴയെത്തുടർന്ന് 162 തടാകങ്ങൾ കര കവിഞ്ഞു. ബെല്ലന്തൂർ, വർത്തൂർ എന്നീ തടാകങ്ങളുടെ സമീപത്തെ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി.

5) മഴയെത്തുടർന്ന് സ്തംഭിച്ച ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു.

6) നഗരത്തിലെ കനത്ത മഴയിലെ വെള്ളപ്പൊക്കത്തിനു കാരണം മുൻ കോൺഗ്രസ് സർക്കാരിന്‍റെ ദുർഭരണമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. തടാക പ്രദേശങ്ങൾ , ടാങ്ക് ബണ്ടുകൾ, ബഫർ സോണുകൾ എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്‍സര്‍ക്കാര്‍ അനുമതി നൽകിയിതാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

7) കർണാടകയിലെ മാണ്ഡ്യയിൽ കനത്ത മഴയെ തുടർന്ന് മുടങ്ങിയ കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ടികെ ഹള്ളിയിലെ പമ്പിംഗ് സ്റ്റേഷനുകളിലൊന്ന് പ്രവർത്തനക്ഷമമാണ്, എന്നാൽ രണ്ടാമത്തേത് പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

8) ശരാശരി സമുദ്രനിരപ്പിൽ നിന്ന് 4.5-5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ഷെയർ സോൺ ആണ് അധിക മഴയ്ക്ക് കാരണമായത്, ബെംഗളൂരു സിറ്റി ഉൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നു. ഒരു ഷിയർ സോൺ എന്നാൽ മൺസൂൺ കാലാവസ്ഥാ സവിശേഷതയാണ്.

9) നഗരത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ 300 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കനത്ത മഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരുവിലെ എല്ലാ തടാകങ്ങളിലും സ്ലൂയിസ് ഗേറ്റുകൾ നിർമ്മിക്കാനും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

10) ബെംഗളൂരു പൗരസമിതിയുടെ കണക്കനുസരിച്ച്, നഗരത്തിന്‍റെ മൊത്തം 800 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൽ 56 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം തടയുന്നതിന് ജലപാതകളിലെ തടസങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചുവരികയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News