പാർലമെന്റ് അതിക്രമത്തിൽ പ്രതിഷേധം; ലോക്സഭയിലും രാജ്യസഭയിലുമായി 78 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ

നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചവർക്കും പ്ലക്കാർഡുകളുമായി എത്തിയവർക്കുമാണ് സസ്‌പെൻഷൻ.

Update: 2023-12-18 14:18 GMT
Advertising

ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും വീണ്ടും പ്രതിപക്ഷ എംപിമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. 33 എംപിമാരെ ലോക്സഭയിൽ നിന്നും 45 പേരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്റ് അതിക്രമക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി.

നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചവർക്കും പ്ലക്കാർഡുകളുമായി എത്തിയവർക്കുമാണ് സസ്‌പെൻഷൻ. സസ്പെൻഷനിൽ ആയവരിൽ കേരളത്തിൽ നിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഉൾ‌പ്പെടുന്നു.

ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവർക്ക് അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയും ബാക്കി 30 പേർക്ക് ഈ സമ്മേളന കാലാവധി വരെയുമാണ് സസ്പെൻഷൻ. ലോക്സഭയിലെ നടപടിക്ക് പിന്നാലെയാണ് രാജ്യസഭയിലും സസ്പെൻഷനുണ്ടായത്. കെ.സി വേണുഗോപാൽ, വി. ശിവദാസൻ, ജെബി മേത്തർ, ബിനോയ് വിശ്വം, ജോസ് കെ. മാണി, എ.എ റഹീം ഉൾപ്പെടെയുള്ളവരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഇതോടെ ഇത്തവണത്തെ പാർലമെന്റ് സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 92 ആയി. 33 പേരെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയതിൽ വലിയ പ്രതിഷേധം നിലനിൽക്കെയാണ് രാജ്യസഭയിലും നടപടിയുണ്ടായത്. സഭാസമ്മേളനം വെള്ളിയാഴ്ച തീരാനിരിക്കെയാണ് പ്രതിഷേധിച്ചതിന്റെ പേരിൽ ഇത്രയധികം എം.പിമാരെ പുറത്താക്കിയത്.

പാർലമെന്റ് അതിക്രമത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്നതുൾപ്പെടെയുള്ള ജനാധിപത്യപരമായ തങ്ങളുടെ ആവശ്യങ്ങളാണ് എഴുതിക്കൊണ്ടുവന്നതെന്ന് എം.പിമാർ പറഞ്ഞു. വലിയ പ്രതിഷേധത്തിനാണ് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിച്ചത്. ഒന്നിലേറെ തവണ നടപടികൾ പൂർത്തിയാക്കാനാവാതെ സഭ തടസപ്പെടുന്ന സാഹചര്യവും ഉണ്ടായി.

പ്രതിഷേധത്തിനിടയിലും രണ്ട് ബില്ലുകളും ലോക്‌സഭ പാസാക്കി. അതേസമയം, ഇത്രയേറെ എം.പിമാരെ കൂട്ടമായി സസ്‌പെൻഷൻ ചെയ്തതിനെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News