ഒഴിഞ്ഞുകിടന്ന എ.എസ്.ഐയുടെ കസേരയിലിരുന്ന് റീൽസ് ഷൂട്ട് ചെയ്തു; രാമായണം സീരിയൽ നടൻ അറസ്റ്റിൽ
സിനിമ ഡയലോഗ് വെച്ച് എഡിറ്റു ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രതിയെ പിടികൂടിയത്
താനെ: എസ്.ഐയുടെ കസേരയിലിരുന്ന് ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്ത് സീരിയൽ താരം അറസ്റ്റിൽ. രാമായണം പരമ്പരയിലെ ലവനായി അഭിനയിച്ച ചൗധരി എന്നറിയപ്പെടുന്ന സുരേന്ദ്ര പാണ്ഡുരംഗ് പാട്ടീലാണ് അറസ്റ്റിലായത്. ബിൽഡർ കൂടിയായ ചൗധരി മൻപാഡ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ എ.എസ്.ഐയുടെ ഒഴിഞ്ഞ കസേരയിലിരുന്ന് റീൽസ് ഷൂട്ട് ചെയ്യുകയും അത് ഇൻസ്റ്റ്ഗ്രാമിൽ അപ് ലോഡ് ചെയ്യുകയായിരുന്നു.
മെയ് മാസത്തിൽ അഞ്ച് കോടിയുടെ ചെക്ക് കേസിൽ സുരേന്ദ്ര പാട്ടീലിനെ മൂന്ന് പേർ കബളിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ പാട്ടീൽ മൻപാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 19,96,000 രൂപ കണ്ടെടുക്കുകയും ചെയ്തു.
സുരേന്ദ്ര പാട്ടീലിന് 25 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞമാസം 25 ന് ഈ തുക കൈപ്പറ്റാൻ സുരേന്ദ്ര പാട്ടീലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ ശ്രീകൃഷ്ണ ഗോറിനെ കണ്ട് തുക കൈപ്പറ്റാൻ പാട്ടീൽ സ്റ്റേഷനിൽ എത്തിയെങ്കിലും അദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല. ആ സീറ്റിൽ കയറിയിരുന്ന പാട്ടീൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ഫോട്ടോയെടുക്കാനും വീഡിയോ ഷൂട്ടുചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്ര പൊലീസിന്റെ ലോഗോ പതിച്ച ഓഫീസറുടെ കസേരയിൽ ഇരിക്കുന്നതായിരുന്നു റീൽ. ഇത് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
സിനിമ ഡയലോഗ് വെച്ച് എഡിറ്റു ചെയ്ത വീഡിയോ വൈറലായതോടെ പാട്ടീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇയാളുടെ സോഷ്യൽമീഡിയയിൽ തോക്കുമായി കാറിൽ നൃത്തം ചെയ്യുന്ന വീഡിയോയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ കാറിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഇതോടെ പൊലീസിനെ അപകീർത്തിപ്പെടുത്തുന്നതിന് പുറമെ ആൾമാറാട്ടം, ആയുധങ്ങൾ കൈവശം വെക്കല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. സുരേന്ദ്ര പാട്ടീലിനെതിരെ മാൻപാഡ, കോൽഷെവാഡി, മഹാത്മാ ഫുലെ ചൗക്ക് പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മൻപാഡ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ശേഖർ ബഗഡെ പറഞ്ഞതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.