എൻഎസ്ഇയിലെ രഹസ്യ ഇടപെടൽ;'ഹിമാലയൻ യോഗി' അറസ്റ്റിലായ ആനന്ദ് സുബ്രഹ്‌മണ്യം

ഇയാളാണ് ഹിമാലയൻ യോഗിയെന്ന് വ്യക്തമായത് ഇമെയിൽ ഐഡി വഴിയാണെന്നാണ് സിബിഐ പറയുന്നത്

Update: 2022-02-25 13:16 GMT
Advertising

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ മേധാവി ചിത്രാ രാമകൃഷ്ണനെ സ്വാധീനിച്ച് തീരുമാനങ്ങളെടുപ്പിച്ച 'ഹിമാലയൻ യോഗി'യെന്ന നിഗൂഢ വ്യക്തിത്വം അറസ്റ്റിലായ ആനന്ദ് സുബ്രഹ്‌മണ്യമാണെന്ന് സിബിഐ. സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം സംബന്ധിച്ച കോ ലൊക്കേഷൻ കേസിലാണ് എൻഎസ്ഇയുടെ മുൻ ചീഫ് ഓപറേറ്റിങ് ഓഫിസർ കൂടിയായ ആനന്ദ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും ഇമെയിൽ വഴി ആശയവിനിമയം നടത്തിയെന്നാണ് സിബിഐ പറയുന്നത്.

ചിത്രാ രാമകൃഷ്ണൻ ആനന്ദിന് ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. ഇതിന് നിർദേശം നൽകിയ ഹിമാലയൻ യോഗി നിയമിക്കപ്പെട്ടയാൾ തന്നെയാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇയാളാണ് ഹിമാലയൻ യോഗിയെന്ന് വ്യക്തമായത് ഇമെയിൽ ഐഡി വഴിയാണെന്നാണ് സിബിഐ പറയുന്നത്. rigyajursama@outlook.com. എന്നാണ് ഇയാളുടെ ഐഡിയെന്ന് അവർ വ്യക്തമാക്കി. ചിത്രാ രാമകൃഷ്ണൻ അവരുടെ rchitra@icloud.com മെയിൽ ഐഡിയിൽ നിന്ന് ആനന്ദിന്റെ ഐഡിയിലേക്ക് 2013 നും 2016 നും ഇടയിൽ രഹസ്യരേഖകൾ അയച്ചതായി സിബിഐ അധികൃതർ ചൂണ്ടിക്കാട്ടി. ആന്ദിന്റെ മറ്റൊരു ഐഡിയിലേക്കും ഇതേ രേഖകൾ അയച്ചിരുന്നതായും അവർ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയിൽ നാലുദിവസം ചോദ്യം ചെയ്യപ്പെട്ട ആനന്ദിനെ കഴിഞ്ഞ ദിവസം രാത്രി 11ന് ചെന്നൈയിൽ വെച്ചാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. എൻ.എസ്.ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം തുടങ്ങിയത്. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

2013ല്‍ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ.എസ്‌.ഇ) ചീഫ് സ്ട്രാറ്റജിക് അഡ്വൈസറായാണ് ആനന്ദ് സുബ്രഹ്മണ്യനെ ആദ്യം നിയമിച്ചത്. എൻ.എസ്‌.ഇ എം.ഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യന് സ്ഥാനക്കയറ്റം നൽകി. എൻ.എസ്‌.ഇയിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയനായതോടെ ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യത്തെ എന്‍.എസ്.ഇയില്‍ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്തത്. നിയമനം ഉള്‍പ്പെടെ എന്‍.എസ്.ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്കും ആനന്ദ് സുബ്രഹ്മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് 3 കോടി രൂപയും ആനന്ദ് സുബ്രഹ്മണ്യത്തിന് 2 കോടി രൂപയും എൻ.എസ്.ഇ മുന്‍ എംഡിയും സി.ഇ.ഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസര്‍ വി ആർ നരസിംഹൻ എന്നിവര്‍ക്ക് 6 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.

2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്‌ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവര്‍ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എന്‍.എസ്.ഇയുടെ ഭാവി പദ്ധതികള്‍, ഡിവിഡന്‍റ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ പങ്കുവെച്ചിരുന്നുവെന്ന് സെബി കണ്ടെത്തി‍. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും അജ്ഞാത വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വര്‍ഷം മുന്‍പ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതല്‍ വ്യക്തിപരവും പ്രൊഫഷനലുമായി കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്.

The CBI has identified the arrested Anand Subramaniam as a mysterious 'Himalayan Yogi' who influenced Chitra Ramakrishnan, the former head of the National Stock Exchange.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News