ഉത്തരാഖണ്ഡിൽ പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് മഹാപഞ്ചായത്ത്
ജില്ലാ ഭരണകൂടമാണ് മഹാപഞ്ചായത്തിന് അനുമതി നൽകിയത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മുസ്‌ലിം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മഹാപഞ്ചായത്ത്. ജില്ല ഭരണകൂടമാണ് മഹാപഞ്ചായത്തിന് അനുമതി നൽകിയത്. രാംലീല മൈതാനത്താണ് മഹാപഞ്ചായത്ത്. വിശ്വഹിന്ദു പരിഷത്ത്, സംയുക്ത സനാതൻ ധർമ്മ രക്ഷാ സംഘ് തുടങ്ങിയ സംഘടനകളാണ് നേതൃത്വം നൽകുന്നത്. തെലങ്കാനയിലെ വിവാദ ബി.ജെ.പി എംഎൽഎ രാജാ സിങ് അടക്കമുള്ളവർ മഹാപഞ്ചായത്തിൽ പങ്കെടുക്കും.
മഹാപഞ്ചായത്തിന് വേണ്ടി ദേവഭൂമി വിചാർ മഞ്ച് കുറച്ചുകാലമായി മഹാപഞ്ചായത്തിന് അനുമതി തേടുന്നുണ്ടായിരുന്നുവെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് മുകേഷ് റമോല പറഞ്ഞു. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. വർഗീയ പ്രസ്താവനകൾ നടത്തരുതെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയിട്ടുള്ളതെന്നും റമോല വ്യക്തമാക്കി.
‘ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ, പൊതുക്രമത്തെ തടസ്സപ്പെടുത്തിയാൽ ഉടനടി അനുമതി റദ്ദാക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിക്ക് സമീപം ഒത്തുചേരാനും പരിപാടിയിൽ ആയുധങ്ങളും വടികളും ഉപയോഗിക്കാനും പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
1969ലാണ് ഉത്തരകാശിയിൽ പള്ളി നിർമിക്കുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു സമുദായത്തിലെ ആൾ മറ്റൊരു സമുദായത്തിലെ ഏഴുപേർക്ക് വിറ്റതാണ്. 2005ൽ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തതിെൻറ ഭൂരേഖകൾ പുതുക്കി. ഇത് നിയമപരമായ തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. 2023 സെപ്റ്റംബറിൽ വിവാദം കനത്തു. പള്ളി നിലനിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും നിയമവിരുദ്ധമായാണ് നിർമിച്ചതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. അതേസമയം, പള്ളി വഖഫ് ബോർഡിന് കീഴിൽ വരുന്നതാണെന്നും ഇതിെൻറ ഗസറ്റ് വിജ്ഞാപനമുണ്ടെന്നും പള്ളി കമ്മിറ്റി വ്യക്തമാക്കുന്നു.