5 കോടി മുടക്കി 10 വർഷം മുമ്പ് നിർമ്മിച്ച ആശുപത്രിയെ ആരോഗ്യവകുപ്പ് ‘മറന്നുപോയി’ ; ബിഹാറിൽ നിന്ന് പുതിയ അഴിമതിക്കഥ
ഇന്നത് ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിക്കഴിഞ്ഞു
പാട്ന: ഞെട്ടിക്കുന്ന അഴിമതികളുടെ വാർത്തകളാണ് പലപ്പോഴും ബിഹാറിൽ നിന്ന് പുറത്തുവരിക. പത്ത്‍വർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പാലങ്ങൾ നിലംപൊത്തിയ വാർത്തകൾ കഴിഞ്ഞ മാസമാണ് വലിയ വാർത്തയായത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് നിന്ന് വരുന്ന പുതിയ വാർത്ത.
പത്ത് വർഷം മുമ്പ് അഞ്ച്കോടിരൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ സർക്കാർ ആശുപത്രിയിൽ ഇതുവരെ ഒരു രോഗിയെ പോലും ചികിത്സിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെയും ആധുനിക സൗകര്യങ്ങളോടെയും നിർമ്മിച്ച ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനം പോലും ഇതുവരെ നടന്നിട്ടല്ല. അധികൃതർ ആശുപത്രിയെ മറന്ന മട്ടാണ്. ഇന്നത് ഒരു പ്രേതാലയം പോലെ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിക്കഴിഞ്ഞു.
കെട്ടിടത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാക്കൾ കവർന്നു. ഇങ്ങനെയൊരു ആശുപത്രി നിർമ്മിച്ചകാര്യം അധികൃതർപോലും മറന്ന മട്ടാണ്. ആശുപത്രിയെ പറ്റിയും അതിൽ നടന്ന മോഷണങ്ങളെ പറ്റിയും അറിഞ്ഞ ആരോഗ്യവകുപ്പ് ഇനിയും അന്വേഷണം ആരംഭിച്ചിട്ടുപോലുമില്ല.
ബിഹാറിലെ മുസാഫർപൂരിൽ ചാന്ദ്പുര മേഖലയിൽ ആറ് ഏക്കറിലാണ് കോടികൾ മുടക്കി സർക്കാർ ആശുപത്രി നിർമ്മിച്ചത്. 30 കിടക്കകളുള്ള ആശുപത്രി 2015ലാണ് അഞ്ച് കോടി രൂപ ചെലവിലാണ് നിർമിച്ചത്. അത്യാധുനിക സൗകര്യങ്ങളൊക്കെ സജ്ജീകരിച്ചെങ്കിലും ഒരു രോഗിക്ക് പോലും ചികിത്സ ലഭിക്കാത്തതിനാൽ മെഡിക്കൽ ഉപകരണങ്ങളെല്ലാം നശിച്ചു. നിർമാണം കഴിഞ്ഞ് പത്തുവർഷത്തോടടുക്കുമ്പോഴും ആശുപത്രി പ്രവർത്തനസജ്ജമാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
ആശുപത്രിയിൽ നിലവിലുള്ള സൗകര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ആശുപത്രിയിലുള്ള സൗകര്യങ്ങളെ കുറിച്ച് കള്ളന്മാർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അവർ ജനൽ, കട്ടിളകൾ, വാതിലുകൾ, ഗ്രില്ലുകൾ, ഗേറ്റുകൾ, അലമാരകൾ, ഇലക്ട്രിക്കൽ വയറുകൾ, സ്വിച്ച് അടക്കം ആശുപത്രിയിൽ നിന്നെടുക്കാൻ പറ്റുന്ന എല്ലാം അവർ കവർന്നു. അസ്ഥികൂടം മാത്രമായി അത് തലയുയർത്തി നിൽക്കുകയാണ്.
മഴയും വെയിലും കൊള്ളാതെ ഇരിക്കാൻ പറ്റിയ ഇടമായതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി അത് മാറിയെന്ന് നാട്ടുകാർ പറയുന്നു. ആറേക്കർ ചുറ്റളവിൽ മൂന്ന് കെട്ടിടങ്ങളാണുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനുള്ള കോർട്ടേഴ്സ്, ലാബുകളടക്കമുള്ള വിവിധ പരിശോധന കേന്ദ്രങ്ങൾ, പ്രധാന കെട്ടിടം എന്നിവയാണത്.
പ്രദേശത്ത് ഒരു ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ആശുപത്രിവരുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ അതിനെ കണ്ടത്. എന്നാൽ ഇപ്പോഴും ആളുകൾ ചെറിയ ചികിത്സക്ക് പോലും 50 കിലോമീറ്റർ അകലെയുള്ള നഗരത്തിലെ ആശുപത്രയിൽ പോകേണ്ട അവസ്ഥയാണുള്ളതെന്ന് ഗ്രാമവാസിയായ സുധീർ കുമാർ പറയുന്നു. നഗരത്തിലേക്ക് പോകാൻ കാര്യമായ വാഹനസൗകര്യങ്ങളില്ലാത്തതും പ്രദേശവാസികളെ ഏറെ വലക്കുന്നുണ്ട്. ആശുപത്രിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുവെന്നാണ് റിപ്പോർട്ട്.
ആഴ്ചകൾക്ക് മുമ്പാണ് അരാരിയ ജില്ലയിൽ ഇരുവശത്തും റോഡുകളില്ലാതെ നിർമിച്ച ഒരു പാലത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്. മൂന്ന് കോടിരൂപ ചെലവിൽ പാലം നിർമ്മിച്ചെങ്കിലും ഇരുഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ ഇനിയും പൂർത്തിയായിട്ടില്ല. അതോടെ റോഡില്ലാത്ത പാലമായി മാറിയത്.