മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്
തൃണമൂൽ കോണ്‍ഗ്രസാണ് സാഗരികയെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്തത്
കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് തൃണമൂൽ കോൺഗ്രസ്. ഘോഷിന് പുറമേ, സുഷ്മിത ദേവ്, മുഹമ്മദ് നദീമുൽ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയും തൃണമൂൽ ഉപരിസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.
മൂന്നു പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‌ലുക്ക്, ഇന്ത്യൻ എക്‌സ്പ്രസ്, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജേര്‍ണലിസ്റ്റാണ് സാഗരിക. ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോഡ്‌സ് സ്‌കോളർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ഭാര്യയാണ്. ഇന്ദിര- ദ മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ, അടൽ ബിഹാരി വാജ്‌പേയി- ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റർ, ദ ജിൻ ഡ്രിങ്കേഴ്‌സ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
ബംഗാൾ നിയമസഭയിൽ ഒഴിവു വരുന്ന അഞ്ചു സീറ്റിലേക്കാണ് തൃണമൂൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അഞ്ചാമത്തെ അംഗം ബിജെപിയിൽനിന്നാകും. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Summary: Trinamul Congress names journalist Sagarika Ghose, Sushmita Dev and two others for Rajya Sabha polls