‘ഹോട്ടലുകളിലെ അടുക്കളകളിൽ സിസിടിവി സ്ഥാപിക്കണം’; മുഖ്യമന്ത്രിയുടെ ‘തുപ്പൽ ജിഹാദ്’ പരാമർശത്തിന് പിന്നാലെ നടപടിയുമായി ഉത്തരാഖണ്ഡ്

ജിഹാദ് എന്ന വാക്ക് കൊണ്ട് മാത്രം സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയില്ലെന്ന് കോൺഗ്രസ്

Update: 2024-10-16 16:17 GMT
Advertising

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭക്ഷണപാനീയങ്ങളിൽ ആളുകൾ തുപ്പുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെയും ധാബകളിലെയും ഭക്ഷണശാലകളിലെയും അടുക്കളയിൽ സിസിടിവി സ്ഥാപിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ബിജെപി സർക്കാർ മുന്നോട്ടുവെച്ചു. മതപരിവർത്തനം, കൈയേറ്റം, ലാൻഡ് ജിഹാദ്, തുപ്പൽ ജിഹാദ് എന്നിവയൊന്നും ദേവഭൂമിയായ ഉത്തരാഖണ്ഡിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞിദവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ​പൊലീസിന് പുതിയ നിർദേശം നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ എസ്പിമാർക്കും ജില്ലാ അധികാരികൾക്കും റെയിൽവേക്കുമെല്ലാം നിർശേദങ്ങളടങ്ങിയ കത്ത് ചൊവ്വാഴ്ച ഉത്തരാഖണ്ഡ് ഡിജിപി അയച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഹോട്ടലുകളിലും ധാബകളിലുമെല്ലാം ഭക്ഷണപാനീയങ്ങളിൽ തുപ്പുന്നതുമായി ബന്ധപ്പെട്ട വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആരോഗ്യ, ഭക്ഷണ വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ, സംഭവങ്ങളുടെ ഫലമായി ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനാൽ തന്നെ പൊലീസ് നടപടിയും അത്യാവശ്യമാണെന്ന് സർക്കാർ നിർദേശത്തിൽ പറയുന്നു. ഭക്ഷണത്തിൽ തുപ്പിയതുമായി ബന്ധപ്പെട്ട് മുസ്സൂരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

മുസ്സൂരിയിൽ ഉപഭോക്താക്കൾക്ക് ചായ നൽകുന്നതിന് മുമ്പ് സോസ് പാനിൽ തുപ്പിയതിന് രണ്ടുപേരെ ഒക്ടോബർ ഒമ്പതിന് ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും ഭക്ഷണത്തി​ലോ പാനീയത്തിലോ​ തുപ്പുന്ന രീതിയിലുള്ള കൊള്ളരുതായ്മകൾ ചെയ്യുന്നവർക്ക് ഉത്തരാഖണ്ഡിൽ സ്ഥാനമുണ്ടാകില്ലെന്ന് ഇതിനോട് പ്രതികരിച്ച് കൊണ്ട് മുഖ്യമന്ത്രി ധാമി എക്സിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.

ഭക്ഷണത്തിൽ തുപ്പുന്നതടക്കമുള്ള മലിനീകരണം തടയാൻ നിയമനിർമാണം നടത്തുന്നത് സംബന്ധിച്ച് ഉത്തർപ്രദേശ് മന്ത്രിസഭ കഴിഞ്ഞദിവസം ചർച്ച ചെയ്തിരുന്നു. ചില സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ കടുത്ത നിയമം കൊണ്ടുവരുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരാഖണ്ഡും കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്നത്.

ഹോട്ടലുകളിലും ധാബകളിലും ജോലി ചെയ്യുന്ന മുഴുവൻ പേരെയും 100 ശതമാനവും പരിശോധിക്കണമെന്ന് സർക്കാർ നിർദേശത്തിൽ പറയുന്നു. ഇത്തരം സ്ഥലങ്ങളിലെ അടുക്കളകളിൽ സിസിടിവി സ്ഥാപിക്കാൻ മാനേജർമാരെ പ്രോത്സാഹിപ്പിക്കണം. തുറസ്സായ സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായം സ്വീകരിക്കാം. പട്രോളിങ് സമയത്ത് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധചെലുത്തണം. ആവശ്യാനുസരണം ആരോഗ്യവകുപ്പുമായി ബന്ധ​പ്പെട്ട് ഹോട്ടലുകളിലടക്കം ക്രമരഹിതമായി പരിശോധന നടത്തണം. എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാൽ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. ഇതുകൂടാതെ പ്രാദേശിക തലത്തിലടക്കം ബോധവത്കരണം നടത്താനും നിർദേശമുണ്ട്.

അതേസമയം, തുപ്പലുമായി ബന്ധപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതിന്റെ പ്രതിഫലനമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഭക്ഷണങ്ങളിലും പാനീയങ്ങളിലും തുപ്പുന്നത് ക്രമസമാധാനം തകർന്നതിന്റെ ലക്ഷണമായാണ് താൻ കാണുന്നതെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് വക്താവ് ഗരിമ ദസൗനി പറഞ്ഞു. കർശന നടപടികളും മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം ബലാത്സംഗമടക്കമുള്ള കൂടുതൽ ഗൗരവമായ സംഭവങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് സർക്കാറിനെ ഓർമിപ്പിക്കുകയാണ്. അതുകൊണ്ട് നമുക്ക് തുപ്പൽ ജിഹാദിൽ മാത്രം ഒതുങ്ങിക്കൂടാനാകില്ല. എന്തു​കൊണ്ടാണ് ഈ ബലാത്സംഗങ്ങളും മറ്റു നിയമലംഘനങ്ങളും മുഖ്യമന്ത്രിയുടെ പൊതുപ്രസംഗങ്ങളുടെ ഭാഗമാകാത്തത്. ജിഹാദ് എന്ന വാക്ക് കൊണ്ട് മാത്രം സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയില്ലെന്നും ഗരിമ ദസൗനി വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News