അഭിമുഖത്തിനിടെ ഘർവാപസി നടത്തിക്കൂടേ എന്ന് ആൾദൈവം; മരണം വരെ മുസ്‌ലിമായിരിക്കുമെന്ന് അവതാരക
"നിങ്ങൾ എങ്ങനെ ശുദ്ധ സനാതനി ആയിരിക്കുന്നുവോ അത്രയും ശുദ്ധ മുസ്‌ലിമാണ് ഞാൻ"
മുംബൈ: ടെലിവിഷൻ അഭിമുഖത്തിനിടെ പ്രമുഖ ഹിന്ദി മാധ്യമപ്രവർത്തക റുബിക ലിയാഖത്തിനെ ഹിന്ദുമതത്തിലേക്ക് ക്ഷണിച്ച് ബാഗേശ്വർ ധാമിലെ സ്വയം പ്രഖ്യാപിത ആൾദൈവം ധിരേന്ദ്ര ശാസ്ത്രി. ഹിന്ദു രാഷ്ട്രത്തെ കുറിച്ചും സനാതന ധർമ്മത്തെ കുറിച്ചുമുള്ള സംവാദത്തിനിടെയാണ് ധിരേന്ദ്ര മതം മാറാന്‍ ആവശ്യപ്പെട്ടത്.
ചോദ്യത്തോട് വ്യക്തമായ ഭാഷയിൽ മറുപടി പറഞ്ഞ റുബിക തന്റെ പൂർവ്വികര്‍ ഇസ്‌ലാം തെരഞ്ഞെടുക്കുകയായിരുന്നു എന്നും മരണം വരെ മുസ്‌ലിമായിരിക്കുമെന്നും വ്യക്തമാക്കി.
'ഇതെന്റെ പരമ്പരയാണ്. എന്റെ വഴി ഇസ്‌ലാം ആയിട്ടുണ്ട്. എന്റെ പരമ്പര എനിക്കറിയാം. ഘർവാപസി നടത്താൻ പറ്റില്ല. എന്റെ പൂർവ്വികർ ഇസ്‌ലാം സ്വീകരിച്ചു. മരണം വരെ ഞാൻ മുസ്‌ലിമായിരിക്കുകയും ചെയ്യും. നിങ്ങൾ എങ്ങനെ ശുദ്ധ സനാതനി ആയിരിക്കുന്നുവോ അത്രയും ശുദ്ധ മുസ്‌ലിമാണ് ഞാൻ. അതിൽ ബുദ്ധിമുട്ട് വേണ്ട.' - അവർ വ്യക്തമാക്കി.
എബിപി ന്യൂസിന് വേണ്ടിയാണ് റുബിക ധിരേന്ദ്രയെ ഇന്റർവ്യൂ നടത്തിയത്. രാജ്യത്തെ മൂന്നിലൊന്ന് ആളുകളും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായാണ് കാണാൻ ആഗ്രഹിക്കുന്നതെന്നും എന്തു കൊണ്ടാണ് അത് സംഭവിക്കാത്തത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ അവരുടേതായ തീരുമാനമെടുക്കണം. സനാതനവും ഹിന്ദുവും രണ്ടല്ല. സൂര്യനും സൂര്യകിരണവും പോലെയാണത്.- അദ്ദേഹം കൂട്ടിച്ചേർത്തു.
സീ ന്യൂസ്, ന്യൂസ് 24 തുടങ്ങിയ മുൻനിര ചാനലുകളിൽ പ്രവൃത്തി പരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകയാണ് റുബിക.. 2018ലാണ് എബിപി ന്യൂസിലെത്തിയത്. മാധ്യമപ്രവർത്തകനായ നവേദ് ഖുറേഷിയാണ് ഭർത്താവ്.