മൊബൈലെടുക്കാൻ മെട്രോ ട്രാക്കിലേക്ക് ചാടിയിറങ്ങി യുവതി; അപകടമൊഴിവായത് തലനാരിഴക്ക്
ട്രാക്കിലൂടെ 750 വോൾട്ട് വൈദ്യുതിയാണ് പ്രവഹിക്കുന്നത്
ബംഗളൂരു: താഴെ വീണ മൊബൈൽ ഫോണെടുക്കാൻ മെട്രോ റെയിൽ ട്രാക്കിലേക്ക് ചാടിയിറങ്ങി യുവതി. ബംഗളൂരുവിലെ ഇന്ദിരാനഗർ നഗർ മെട്രോ സ്റ്റേഷനിലാണ് സംഭവം. അബദ്ധത്തിൽ ട്രാക്കിലേക്ക് വീണ മൊബൈൽ എടുക്കാനായാണ് യുവതി ട്രാക്കിലേക്ക് ചാടിയിറങ്ങിയത്. ഇതു കണ്ട മെട്രോ പ്ലാറ്റ്‌ഫോം ജീവനക്കാർ എമർജൻസി ട്രിപ്പ് സംവിധാനം ഉപയോഗിച്ച് ട്രാക്കുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതുകൊണ്ട് മാത്രമാണ് യുവതി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടതെന്ന് ബംഗളൂരു മെട്രോ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.സംഭവത്തെത്തുടർന്ന് മെട്രോ ട്രെയിൻ സർവീസ് 15 മിനിറ്റോളം തടസ്സപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരം 6.40 ഓടെയാണ് സംഭവം നടക്കുന്നത്. ഇന്ദിരാനഗർ മെട്രോ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു യുവതി നിന്നിരുന്നത്. മൊബൈൽ ഫോൺ എടുത്ത ശേഷം യുവതി സഹയാത്രികരുടെ സഹായത്തോടെ വീണ്ടും പ്ലാറ്റ്ഫോമിൽ കയറി. ട്രാക്കിലൂടെ 750 വോൾട്ട് വൈദ്യുതിയാണ് പ്രവഹിക്കുന്നതെന്നും ജീവനക്കാരുടെ സമയോചിതമായ നടപടി കാരണമാണ് അപകടം സംഭവിക്കാതിരുന്നതെന്നും ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു. വളരെ തിരക്കേറിയ സമയത്തായിരുന്നു യുവതിയുടെ നടപടി.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. 6.40 മുതൽ 6.55 വരെ മെട്രോ ട്രെയിനുകൾ നിർത്തിവെക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് മെട്രോ അധികൃതർ.