20ാം നിലയിൽ നിന്ന് സെക്യൂരിറ്റിക്കാരൻ തള്ളിയിട്ടു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
സെക്യൂരിറ്റിക്കാരനെതിരെ വധശ്രമത്തിന് കേസെടുത്തു
മുംബൈ: വീട്ടുജോലിക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ 20 നിലയുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു. പതിനെട്ടാം നിലയിലെ ഫ്ളാറ്റിന്റെ ജനൽ ഷെഡിൽ വീണ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. 26 വയസുള്ള യുവതിയെയാണ് സെക്യൂരിറ്റി ജീവനക്കാരനായ അർജുൻ സിംഗ് (35) തള്ളിയിട്ടത്. സ്ഥലത്ത് നിന്നും മുങ്ങിയ ഇയാളെ പൊലീസ് തിരയുകയാണ്.
മലാഡ് വെസ്റ്റിലെ ബ്ലൂ ഹൊറൈസൺ ടവറിലാണ് യുവതി ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ പുതിയ താമസക്കാരന്റെ വീട്ടിൽ ജോലി തരപ്പെടുത്തിക്കൊടുക്കാനെന്ന വ്യാജേന പ്രതി സമീപിക്കുകയായിരുന്നു.
വസ്ത്രങ്ങൾ ഉണക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തന്നെ ടെറസിൽ കയറ്റിയതെന്നും യുവതി പരാതിയിൽ പറഞ്ഞു. ടെറസിലെത്തിയപ്പോൾ നിലത്തേക്ക് തള്ളിയിടുകയും തുടർന്ന് കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയും ചെയ്തതായും യുവതി പറയുന്നു.
പൊലീസെത്തിയാണ് യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. സെക്യൂരിറ്റി ഗാർഡിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും സ്ഥലത്ത് സിസിടിവി ക്യാമറയില്ലാത്തതിനാൽ പ്രതിയെ പിടികൂടിയാലേ നിഗമനത്തിലെത്താൻ കഴിയൂവെന്നും 'മിഡ് ഡേ' റിപ്പോർട്ട് ചെയ്തു. ഗാർഡിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് മലാഡ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ പറഞ്ഞു.