''താങ്കളുടെ മൗനം വിദ്വേഷശക്തികള്‍ക്ക് ശക്തിപകരുന്നു''-മുസ്‍ലിം-ക്രിസ്ത്യൻ വിരുദ്ധ കൊലവിളിയിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി ഐഐഎം വിദ്യാർത്ഥികളും അധ്യാപകരും
രാജ്യത്ത് ഇപ്പോൾ ഒരു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ചർച്ചുകളടക്കമുള്ള ആരാധനാലയങ്ങൾ അടുത്തിടെ തകർക്കപ്പെട്ടു. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാനും ആഹ്വാനമുണ്ടായി-കത്തിൽ ചൂണ്ടിക്കാട്ടി
രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ, പിന്നാക്ക വിരുദ്ധ ആക്രമണങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലും ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി ഐഐഎം വിദ്യാർത്ഥികളും അധ്യാപകരും. വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാക്ക ജാതിക്കാർക്കെതിരായ ആക്രമണങ്ങൾക്കുമെതിരെ സംസാരിക്കണമെന്ന് സംഘം കത്തിലൂടെ ആവശ്യപ്പെട്ടു. മോദിയുടെ മൗനം ഇത്തരം കൂട്ടർക്ക് കൂടുതൽ ശക്തി പകരുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹരിദ്വാറിലെ വിവാദ ഹിന്ദുത്വ സമ്മേളനത്തിന്റെയും ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്ത്.
പ്രധാനമന്ത്രീ, താങ്കളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുമാണത്. നമ്മെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾക്കെതിരെ താങ്കൾ ഉറച്ചുനിൽക്കണം. മത, ജാതി സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനവുമെല്ലാം അംഗീകരിക്കാനാകില്ല-കത്തിൽ പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ ഒരു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ചർച്ചുകളടക്കമുള്ള ആരാധനാലയങ്ങൾ അടുത്തിടെ തകർക്കപ്പെട്ടു. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാനും ആഹ്വാനമുണ്ടായി. നിയമനടപടികൾ നേരിടേണ്ടിവരുമെന്നതിനെക്കുറിച്ച് ഒട്ടും ഭീതിയില്ലാതെയാണ് ഇതെല്ലാം നടക്കുന്നതെന്നും ഐഐടി വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ കുറ്റപ്പെടുത്തി.
ഐഐഎം അഹ്‌മദാബാദ്, ബംഗളൂരു കാംപസുകളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് രാജ്യത്തെ ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചത് 13 അധ്യാപകരടക്കം 183 പേരാണ് കത്തിൽ ഒപ്പുവച്ചത്.