രാത്രി പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് മൂത്രം കുടിപ്പിച്ചു
സംഭവമറിഞ്ഞ് യുവാവിന്റെ വീട്ടുകാർ സ്ഥലത്തെത്തുകയും വിട്ടയയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തെങ്കിലും സംഘം ചെവികൊണ്ടില്ല.
ജോധ്പൂർ: രാത്രി പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരും കുടുംബക്കാരും മരത്തിൽ കെട്ടിയിട്ട് മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കൂടാതെ, മർദനത്തിനിരയായ യുവാവിന്റെ മേൽ പോക്സോ കേസും പൊലീസ് ചുമത്തി. ഞായറാഴ്ച രാത്രി പെൺകുട്ടിയെ കാണാനായി അടുത്ത ഗ്രാമത്തിലെ യുവാവ് എത്തുകയായിരുന്നു. ഈ സമയം ചില നാട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടുകയും മർദിക്കുകയും മരത്തിൽ കെട്ടിയിടുകയുമായിരുന്നു. തുടർന്നും ക്രൂരമായി മർദിച്ചു.
സംഭവമറിഞ്ഞ് യുവാവിന്റെ വീട്ടുകാർ സ്ഥലത്തെത്തുകയും വിട്ടയയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തെങ്കിലും സംഘം ചെവികൊണ്ടില്ല. തുടർന്നാണ് വായിലേക്ക് മൂത്രമൊഴിച്ചത്. പിന്നീട് ഏറെ നേരത്തിനു ശേഷമാണ് കെട്ടഴിച്ചതും ഭീഷണിപ്പെടുത്തി വിട്ടയച്ചതും.
സംഭവത്തിന്റെ വീഡിയോ തിങ്കളാഴ്ച വൈറലായതായി പൊലീസ് സൂപ്രണ്ട് ഹർഷവർധൻ അഗർവാല പറഞ്ഞു. എന്നാൽ ആരും പരാതിയുമായി പൊലീസിനെ സമീപിച്ചില്ല. തുടർന്ന് ഞങ്ങൾ തന്നെ ഇരയായ യുവാവിനെ കണ്ടെത്തുകയും അവനിൽ നിന്നും പരാതി വാങ്ങി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു- അഗർവാല വ്യക്തമാക്കി.
മർദനവുമായി ബന്ധപ്പെട്ട് ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും യുവാവ് കാണാൻ പോയ പെൺകുട്ടി അയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പരാതി നൽകിയിട്ടുണ്ടെന്നും അവളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണം ആരംഭിക്കുമെന്നും അഗർവാല കൂട്ടിച്ചേർത്തു.