മുനമ്പം മുതൽ ശജറ വരെ: മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലെ വാദപ്രതിവാദങ്ങൾ ഇങ്ങനെ

കെ.ടി ജലീലും കെ.എസ് ഹംസയും പാർട്ടിക്ക് പുറത്തുപോയ രീതി കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചപ്പോൾ, ജലീലിനെയും ഹംസയെയും ഒതുക്കിയതുപോലെ തന്നെ ശരിയാക്കാമെന്ന് കരുതേണ്ടെന്നും അകത്തുനിന്നുതന്നെ ഫൈറ്റ് ചെയ്യുമെന്നുമായിരുന്നു ഷാജിയുടെ മറുപടി

Update: 2024-12-12 17:49 GMT
Advertising

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിവാദത്തിന്റെയും സമസ്ത-മുസ്‍ലിം ലീഗ് പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നേതാക്കൾ ഉന്നയിച്ച വാദങ്ങളും മറുപടികളും ഇങ്ങിനെ:

കെ.എം ഷാജി: മുനമ്പം വിഷയത്തിൽ മുസ്‍ലിം സമുദായത്തിൽ ലീഗ് ഒറ്റപ്പെട്ടിരിക്കുകയാണ്. ഭൂമി വഖഫ് ആണെന്ന നിലപാട് എടുത്തുകൊണ്ടുതന്നെ കൈവശക്കാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളലാണ് ശരി. വിഷയത്തിൽ സമുദായത്തിന് ഒപ്പം നിൽക്കാൻ ലീഗിന് കഴിയുന്നില്ല. ഭൂമി വഖഫല്ല എന്ന നിലപാടെടുക്കാൻ അഡ്വ. മുഹമ്മദ് ഷാ ആരാണ്? കുഞ്ഞാലിക്കുട്ടിയുടെ ബലത്തിലാണ് ഷാ ഇതെല്ലാം ചെയ്യുന്നത്. മുനമ്പത്തെ റിസോർട്ട് മാഫിയയ്ക്കു വണ്ടിയാണ് ഈ നിലപാടെന്ന ആരോപണം പുറത്തുണ്ട്. ഷായെ പാർട്ടി നിയന്ത്രിക്കണം. അയാളെ കയറൂരി വിട്ടാൽ പറ്റില്ല. ഈ ജാതി വക്കീലന്മാരെ വെച്ച് കളിക്കരുത്. ഇവരൊക്കെ ആദ്യം സമുദായ രാഷ്ട്രീയം പഠിക്കണം.

അഡ്വ. എൻ. ഷംസുദ്ദീൻ: മുനമ്പത്തേത് വഖഫ് ഭൂമിയല്ല. വ്യവസ്ഥ വെച്ച് വഖഫ് ചെയ്താൽ അത് വഖഫ് ആകൂല.

കെ.എം ഷാജി : എവിടെയെങ്കിലും വഖഫ് എന്ന പരാമർശമുണ്ടെങ്കിൽ അത് വഖഫ് തന്നെയാണ്. വ്യവസ്ഥയുള്ളതുകൊണ്ട് അത് വഖഫ് അല്ലാതാകുന്ന സ്ഥിതിയില്ല.

പാറക്കൽ അബ്ദുല്ല: അത് വഖഫ് ഭൂമിയല്ല.

കെ.എം ഷാജി: അത് വഖഫല്ല എന്ന് ഈ ഹാളിന്റെ ഡോറിനു പുറത്ത് വാദിക്കാൻ രണ്ടാൾക്കും ധൈര്യമുണ്ടോ?

അഡ്വ. എൻ. ഷംസുദ്ദീൻ: ഇവിടെയാണ് ചർച്ച. അല്ലാതെ ഡോറിന് പുറത്തല്ല.

കെ.എം ഷാജി: ഡോറിന് പുറത്ത് സമുദായത്തെ വഞ്ചിക്കാൻ എന്നെ കിട്ടില്ല. ഏതോ പൊട്ട വക്കീലാണ് വി.ഡി സതീശനെ അത് വഖഫല്ല എന്ന് പഠിപ്പിച്ചത്. വഖഫാണ് എന്ന് പറഞ്ഞ ഷാജി കുറ്റക്കാരനും, വഖഫല്ല എന്ന് പറഞ്ഞ സതീശൻ നല്ലയാളുമാകുന്നത് എങ്ങനെയാണ്? സതീശനെ നിങ്ങളാരും ഒന്നും പറയുന്നില്ല.

കൈയിൽ ഏതാനും പേപ്പറുകളുമായി സംസാരിക്കാനായി അഡ്വ. മുഹമ്മദ് ഷാ എഴുന്നേറ്റു.

പി.കെ കുഞ്ഞാലിക്കുട്ടി: ഷാ ഇരിക്കൂ. ഷാജി സംസാരിക്കട്ടെ.

കെ.എം ഷാജി: മുഹമ്മദ് ഷായാണ് ആ ഭൂമി വഖഫല്ല എന്ന് ആദ്യം പറഞ്ഞത്. അപ്പോൾ ആർക്കും പ്രശ്നമില്ല. അവിടത്തെ സാധുക്കൾക്ക് ഭൂമി കൊടുക്കുന്നതിന് ആരും എതിരല്ല. വിശ്വാസപരമായി തന്നെ അവർക്ക് ഭൂമി കൊടുക്കേണ്ടതാണ്. അതിന്റെ മറവിൽ കേരളത്തിലെ മറ്റു വഖഫ് ഭൂമികളിൽ കൈ വെക്കാൻ അനുവദിക്കില്ല. സമുദായത്തെ വഞ്ചിക്കാൻ കൂട്ടുനിൽക്കാനുമാവില്ല.

(ഷാജിയും ഷായും തമ്മിൽ തർക്കം)

പി.വി അബ്ദുൽ വഹാബ്: മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാനേ പറ്റില്ല.

കെ.പി.എ മജീദ്: അത് വഖഫ് ഭൂമിയാണ്. മറിച്ച് പറയുന്നത് അംഗീകരിക്കാവുന്നതല്ല.

അബ്ദുറഹ്മാൻ കല്ലായി: വഖഫ് തന്നെയാണ്. ചില നിബന്ധനകളോടെയും വഖഫ് ചെയ്യാവുന്നതാണ്.

ആബിദ് ഹുസൈൻ തങ്ങൾ: യഥാർഥത്തിൽ അത് വഖഫ് തന്നെയാണ്. അല്ലെന്ന് പറയുന്നത് വലിയ അബദ്ധമുണ്ടാക്കും.

(ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ രൂക്ഷമായ വാഗ്വാദം. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പാറക്കൽ അബ്ദുല്ലയും അബ്ദുറഹ്മാൻ രണ്ടത്താണിയും ഉമർ പാണ്ടികശാലയും എൻ. ഷംസുദ്ദീനും സംസാരിച്ചു)

ഉമർ പാണ്ടികശാല: സാദിഖലി തങ്ങൾ ഒരു നിലപാട് പ്രഖ്യാപിച്ചതാണ്. അതിനെ ചുറ്റിപ്പറ്റി ഒരു സാമുദായിക വിഭജനം ഉണ്ടാകരുത്. തങ്ങൾക്കൊപ്പം നിൽക്കലാണ് നമ്മുടെ ബാധ്യത.

പി.എം സാദിഖലി: മുനമ്പത്തെ കൈയേറ്റക്കാരായ റിസോർട്ടുകാരെയും ഹോട്ടലുകാരെയും ചില ലീഗ് നേതാക്കൾ തന്നെ പിന്തുണക്കുകയാണ്. അത് വഖഫ് ഭൂമിയല്ലെന്ന് സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞിട്ടില്ല. എന്നാൽ, വഖഫ് ഭൂമിയല്ലെന്നാണ് മുഹമ്മദ് ഷാ പറയുന്നത്. ലീഗിന്റെ നിയമപണ്ഡിതൻ പറയുന്നത് കേൾക്കൂ എന്ന രീതിയിലാണ് ക്രിസ്ത്യൻ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുന്നത്. അത് പറയാൻ ഷാക്ക് ആരാണ് അധികാരം കൊടുത്തത്? വഖഫ് ആണെന്നും അല്ലെന്നും പറയേണ്ട കാര്യമില്ല.

അബ്ദുറഹ്മാൻ രണ്ടത്താണി: സാദിഖലി തങ്ങൾ ഒരു തീരുമാനം പറഞ്ഞതല്ലേ. അതിന്റെ പേരിൽ ഒരു ധ്രുവീകരണം ഉണ്ടാക്കരുത്.

കുഞ്ഞാലിക്കുട്ടി: തങ്ങളൊരു കാര്യം പറഞ്ഞാൽ അതിന് മുകളിൽ ഒന്നില്ല. സാദിഖലി തങ്ങളെ അംഗീകരിക്കലാണ് ലീഗ് പാരമ്പര്യം.

പി.എം സാദിഖലി: തങ്ങൾ പറഞ്ഞതിന് മുകളിൽ ആരും പറഞ്ഞിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നൊരു നിലപാട് പാർട്ടിയോ സമുദായമോ എടുത്തിട്ടില്ല. എന്നിട്ടും അത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശൻ ആവർത്തിച്ചുപറയുകയാണ്.

കുഞ്ഞാലിക്കുട്ടി: കെ.ടി ജലീലും കെ.എസ് ഹംസയും ഇതു പോലെയൊക്കെ പറഞ്ഞാണ് പാർട്ടിക്ക് പുറത്തുപോയത്.

കെ.എം ഷാജി: കെ.ടി ജലീലിനെയും കെ.എസ് ഹംസയെയും ഒതുക്കിയതുപോലെ എന്നെ ശരിയാക്കാമെന്ന് കരുതേണ്ട. അകത്തുനിന്നുതന്നെ ഞാൻ ഫൈറ്റ് ചെയ്യും. ജീവനുള്ള അവസാന നിമിഷം വരെയും പൊരുതും.

പി.എം സാദിഖലി: ലീഗ് സമുദായത്തിന് മുകളിലല്ല. സമുദായത്തിന് മുകളിൽ ഒരു ഒത്തുതീർപ്പും പറ്റില്ല. ക്ലെയിം ആദ്യം നിലനിർത്തണം. എന്നിട്ട് ഏത് ചർച്ച വേണമെങ്കിലും നടത്തിക്കോളൂ. ക്ലെയിം ഒന്നുമില്ലാതെ പിന്നെ എന്തിനു ചർച്ചയ്ക്കു പോകണം.

(വാഗ്വാദവും തർക്കവും തുടരുമ്പോഴും ജനറൽ സെക്രട്ടറി പി.എം.എ സലാം മൗനം പാലിച്ചു)

കുഞ്ഞാലിക്കുട്ടി: ഇവിടെ നടന്ന ചർച്ചകൾ പുറത്തുപോകരുത്.

കെ.എം ഷാജി: പാർട്ടിക്കുള്ളിലെ വിവരങ്ങൾ ആദിലാണ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി: ആദിൽ എന്റെ സെക്രട്ടറിയാണ്. തോന്നിയതൊക്കെ വിളിച്ചുപറയരുത്.

കെ.എം ഷാജി: ആരുടെ സെക്രട്ടറിയാണെങ്കിലും ആദിലാണ് മാധ്യമങ്ങൾക്ക് വിവരങ്ങളൊക്കെ ചോർത്തിക്കൊടുക്കുന്നത്.

(ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വീണ്ടും രൂക്ഷമായ വാഗ്വാദം. സാദിഖലി തങ്ങൾ രണ്ടു തവണ എഴുന്നേറ്റു. പിന്നീട് സീറ്റിലിരുന്നു. തർക്കമൊഴിവാക്കാൻ തങ്ങളുടെ ശ്രമം.)

കെ.എം ഷാജി: സമസ്തയിലെ ശജറകളുടെ പിന്നിൽ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുണ്ട്. സാദിഖലി തങ്ങളുടെ മേൽ സമ്മർദമുണ്ടാക്കുകയാണ് കുഞ്ഞാലിക്കുട്ടി. അതിന് മാത്രം വലിയ പ്രശ്നങ്ങളൊന്നും സമസ്തക്കും ലീഗിനുമിടയിലില്ല. പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത്. കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിൽ തങ്ങൾക്കെതിരെ പോസ്റ്ററൊട്ടിച്ചതിന് പിന്നിൽ ആരാണെന്നും എനിക്കറിയാം.

കെ.പി.എ മജീദ്: കുറേകാലമായി പാർട്ടി നേതാക്കൾക്കിടയിൽ കൂടിയാലോചനകളൊന്നും നടക്കുന്നില്ല. അതാണ് പ്രശ്നങ്ങളുടെ കാരണം. ഉത്തരവാദപ്പെട്ടവർ കൂടിയാലോചനയ്ക്കു തയാറായാലേ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയൂ.

കുഞ്ഞാലിക്കുട്ടി: മജീദ് പറഞ്ഞത് ശരിയാണ്. ഇനി എല്ലാവരുമായും ചർച്ച ചെയ്തു മുന്നോട്ട്‌പോകണം.

സാദിഖലി തങ്ങൾ: നല്ലൊരു ലക്ഷ്യത്തോടെയാണ് നമ്മൾ നീങ്ങുന്നത്. ആ പരിശ്രമം വൃഥാവിലാകുന്ന വിവാദങ്ങളുണ്ടാക്കരുത്. ഷാജിയെ പോലുള്ള നേതാക്കൾ പാർട്ടിക്ക് ആവശ്യമുണ്ട്. പക്ഷേ, ഇതുപോലെ വിവാദങ്ങളുണ്ടാകരുത്. നേതാക്കന്മാർ കൂടിയാലോചന നടത്താത്തതാണ് പ്രശ്നമെന്ന് മജീദും ഷാജിയും പറഞ്ഞത് ശരിയാണ്. അത് അംഗീകരിക്കുന്നു.

Summary: From Munambam to Shajara Samastha: Here are the arguments and counterarguments at the Muslim League state office bearers' meeting that held today at Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News