ലുകാക്കുവിനു പകരം ഒരു കല്ലെങ്കിലുമായിരുന്നെങ്കിൽ!
താൽപര്യമില്ലാത്ത പോലെ പന്തുകളിക്കുകയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്ത ബെൽജിയം ഈ വിധി അർഹിച്ചതായിരുന്നു; ജർമനിയുടേത് അങ്ങനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ആദ്യമത്സരത്തിലെ ആലസ്യത്തിന് പ്രായശ്ചിത്തം ചെയ്യാൻ ജർമൻകാർ ഇന്നലെ സാമാന്യം നന്നായിത്തന്നെ പോരാടി.
ഖത്തറിൽ ലോകകപ്പിന്റെ ഒന്നാം റൗണ്ട് ഇന്നത്തോടെ അവസാനിക്കുമ്പോൾ, ഫുട്‌ബോൾ അതിന്റെ സ്ഥായിയായ അനിശ്ചിത ഭാവം പ്രദർശിപ്പിച്ച് വൻമരങ്ങളെ വീഴ്ത്തുകയും പോരാളികൾക്ക് മുന്നോട്ടുള്ള വഴി നൽകുകയും ചെയ്തിരിക്കുന്നു എന്നു കാണുന്നതിൽ കൗതുകമുണ്ട്. ജർമനിയും ബെൽജിയവും ഡെൻമാർക്കും വെയിൽസും ഒന്നാം റൗണ്ടിൽ ഇടറിവീഴുമെന്നു കരുതിയതല്ല. മൊറോക്കോയെ കീഴടക്കുക എളുപ്പമായിരിക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും, മരണ ഗ്രൂപ്പിൽ താരനിബിഢമായ ജർമനിക്ക് മരണം വിധിക്കുകയും സ്‌പെയിനിനെ പിടിച്ചുകുലുക്കുകയും ചെയ്ത ജപ്പാന്റെ ഇതിഹാസതുല്യമായ മുന്നേറ്റമാണ് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞത്.
താൽപര്യമില്ലാത്ത പോലെ പന്തുകളിക്കുകയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്ത ബെൽജിയം ഈ വിധി അർഹിച്ചതായിരുന്നു; ജർമനിയുടേത് അങ്ങനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ആദ്യമത്സരത്തിലെ ആലസ്യത്തിന് പ്രായശ്ചിത്തം ചെയ്യാൻ ജർമൻകാർ ഇന്നലെ സാമാന്യം നന്നായിത്തന്നെ പോരാടി. ജയിച്ച അർജന്റീനയും തോറ്റ പോളണ്ടും കളിക്കു ശേഷം ഒരേപോലെ ആഘോഷിച്ച പോലെ, ഇന്നലെ ജയിച്ച ജർമനിയും തോറ്റ കോസ്റ്ററിക്കും ഒരേപോലെ സങ്കടപ്പെടുന്നതും കണ്ടു.
ക്രൊയേഷ്യ - ബെൽജിയം മത്സരമാണ് ഞാൻ കാണാൻ തെരഞ്ഞെടുത്തതെങ്കിലും അപ്പുറം നടക്കുന്ന മൊറോക്കോയുടെ കളിയിലും ഒരു കണ്ണുണ്ടായിരുന്നു. വിജയം അല്ലെങ്കിൽ മരണം എന്ന ബോധ്യത്തിൽ ബെൽജിയം അത്യാവേശത്തോടെ കളിക്കുമെന്നും ക്രൊയേഷ്യ പെടാപ്പാട് പെടുമെന്നും വിചാരിച്ചെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ലോകകപ്പിലേതു പോലെ ക്രൊയേഷ്യ തങ്ങളുടെ കൈവശമുള്ള പരിമിത വിഭവങ്ങളുപയോഗിച്ച് കരുത്തരെ മുച്ചൂടും എതിർത്തു. ഒരു മിഡ്ഫീൽഡർ കളിയെ എങ്ങനെ നിർവചിക്കുന്നു എന്നു കാണണമെങ്കിൽ നിങ്ങളിന്നലെ 37 വയസ്സുള്ള ലൂക്കാ മോഡ്രിച്ചിന്റെ കളി കാണണമായിരുന്നു. 90 മിനുട്ടും ഒരേ ശ്രദ്ധയോടെ, അപാരമായ ആത്മവിശ്വാസത്തോടെ, തനിക്കു മാത്രം സാധ്യമായ ടേണുകളും ഡ്രിബ്ലിങ്ങുകളും പാസുകളുമായി അയാൾ തന്റെ പടയെ നയിച്ചു.
എന്നിട്ടുപോലും കളിയിലെ തുറന്നതും മികച്ചതുമായ അവസരങ്ങൾ സൃഷ്ടിച്ചത് എതിർടീമിലെ മിഡ്ഫീൽഡറായിരുന്നു: കെവിൻ ഡിബ്രുയ്‌നെ. വിദഗ്ധനായ ഒരു കാരംസ് കളിക്കാരന്റെ വൈദഗ്ധ്യത്തോടെ ക്രൊയേഷ്യൻ ഡിഫൻസിന് പിടിനൽകാതെ ഡിബ്രുയ്‌നെ ബോക്‌സിലേക്കും ഫൈനൽ തേഡിലേക്കും നീക്കിനൽകിയ പന്തുകൾ ലക്ഷ്യത്തിലെക്കുന്നതിൽ ബെൽജിയത്തിന്റെ മുൻനിര അവിശ്വസനീയമാംവിധം പരാജയപ്പെട്ടു. ഇന്നലെ ആ മൈതാനത്ത് കണ്ട, ഒരു പക്ഷേ ലോകകപ്പ് പോലുള്ള വലിയ വേദിയിൽ വിരളമായി മാത്രം സംഭവിക്കുന്നൊരു മോശം പ്രകടനം ഒരു ബെൽജിയം കളക്കാരന്റേതായിരുന്നു; റൊമേലു ലുക്കാക്കുവിന്റെ. അക്ഷരാർത്ഥത്തിൽ അയാൾക്കുപകരം ബോക്‌സിലൊരു കല്ലായിരുന്നെങ്കിൽ കുറഞ്ഞത് രണ്ടു ഗോളിനെങ്കിലും ബെൽജിയം ഈ കളി ജയിക്കേണ്ടതായിരുന്നു.
ആദ്യപകുതിയിൽ തരക്കേടില്ലാതെ കളിച്ചുകൊണ്ടിരുന്ന ഡ്രയ്‌സ് മെർട്ടൻസിനെ മാറ്റി ലുക്കാക്കുവിനെ ഇറക്കാനുള്ള റോബർട്ടോ മാർട്ടിസിന്റെ തീരുമാനമാണ് അന്തിമവിശകലനത്തിൽ അവരുടെ വിധി കുറിച്ചതെന്ന് എനിക്കു തോന്നുന്നു. അവസാന ഇരുപത് മിനുട്ടിൽ ജെറമി ഡോക്കു എന്ന കിടിലൻ പ്ലേയറെ ഇറക്കിവിടാനുള്ള തീരുമാനം കുറച്ചുനേരത്തെ എടുത്തിരുന്നെങ്കിൽ, അയാൾക്കു വേണ്ടി പിൻവലിച്ചത് യാനിക് കാറസ്‌കോയെയല്ല പകരം ലുകാകുവിനെ ആയിരുന്നെങ്കിൽ ഈ കൡബെൽജിയം ജയിക്കേണ്ടായിരുന്നു. ഇടതുഭാഗത്തു നിന്ന് ഡോക്കു മെനഞ്ഞ നീക്കങ്ങളും ക്രൊയേഷ്യൻ പ്രതിരോധത്തിന് അയാളുണ്ടാക്കിയ പരിക്കുകളും ലുകാകുവിന്റെ പേക്കിനാവായി അവസാനിച്ച മത്സരത്തിൽ വിഫലമായിപ്പോയി. കാലിൽ നൃത്തവും കവിതയുമുള്ള ഡോക്കുവിന് ഈ ടൂർണമെന്റിൽ ലഭിച്ചത് വെറും 20 മിനുട്ടാണെന്നത് മാർട്ടിനസ് ചെയ്ത കുറ്റകൃത്യമാണെന്ന് ഞാൻ വിചാരിക്കുന്നു.
വിജയികളെപ്പോലെ കളിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്ത മൊറോക്കോയ്ക്ക് ഒത്ത എതിരാളിയാവാൻ കാനഡയ്ക്ക് കഴിഞ്ഞില്ല. ഈ ലോകകപ്പിൽ ഞാൻ കണ്ട സോളിഡ് പ്ലേയർമാരിലൊരാളായ സുഫ്‌യാൻ അംറബാത്ത് മിഡ്ഫീൽഡിൽ ചരടുവലിക്കുമ്പോൾ ഹകീം സിയെച്ചിനും അൽ നെസിരിക്കും അഷ്‌റഫ് ഹകീമിക്കും ബൗഫലിനുമൊക്കെ എതിർ ഹാഫിൽ നാശം വിതയ്ക്കാൻ എളുപ്പമായിരുന്നു. നായിഫ് അഗെർദിന്റെ സെൽഫ് ഗോൾ ആദ്യത്തെ രണ്ടു ഗോളുകളിൽ കിട്ടിയ കുഷ്യൻ ഇല്ലാതാക്കിയില്ലായിരുന്നെങ്കിൽ, ഹാഫ് ടൈമിനു മുമ്പ് നെസിരി നേടിയ ഗോൾ നിലനിന്നിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ മൊറോക്കോ കൂടുതൽ ഗോളുകൾ നേടുമായിരുന്നു എന്നു തോന്നുന്നു. കയ്യിൽ കിട്ടിയ ഒരു വിജയം എങ്ങനെ നിലനിർത്താമെന്ന് മൊറോക്കോയ്ക്കറിയാം എന്നത്, അവരെ മികച്ചൊരു ഫുട്‌ബോൾ ടീമാക്കി മാറ്റുന്നുണ്ട്.
പിൻകാലിൽ നിൽക്കാതെ കൂടുതൽ വേഗത്തിൽ പ്രത്യാക്രമണം നടത്താനും സെറ്റ്പീസുകളിൽ ആക്രമിക്കാനുമുള്ള ക്രൊയേഷ്യയുടെ തീരുമാനമാണ് ബെൽജിയത്തിന്റെ വേഗംകുറഞ്ഞ പാസിങ് ഗെയിമിനിടയിലും കളിക്ക് ജീവൻ നൽകിയത്. കഴിഞ്ഞയാഴ്ച ഡിബ്രുയ്‌നെ സമ്മതിച്ചതു പോലെ, ബെൽജിയം കളിക്കാരുടെ പ്രായംകൂടിയ ദുർബല ശരീരങ്ങളെ ശരിക്കും കഷ്ടപ്പെടുത്താൻ അവർക്കു കഴിഞ്ഞു. പ്രതിരോധവും കടന്നെത്തിയ ഷോട്ടുകൾ തിബോട്ട് കോർട്വയ്ക്ക് സേവ് ചെയ്യേണ്ടി വന്നു.
ഇടവേളയ്ക്കു ശേഷം ഇറക്കിയ കളിക്കാരിലും വരുത്തിയ കളിരീതിയിലുമുള്ള മാറ്റം കൊണ്ടാണ് ജപ്പാൻ സ്‌പെയിനിന്റെ കാളക്കൊമ്പ് പിടിച്ചുമറിച്ചിട്ടത്. ആദ്യപകുതിയിൽ ലീഡുണ്ടായിട്ടും കൂടുതൽ ഗോളടിച്ച് കുഷ്യൻ പിടിക്കാതിരുന്നതിന് സ്‌പെയിനിനും അവരുടെ പൊസഷൻ ഫുട്‌ബോളിനും കിട്ടിയ ശിക്ഷ! രണ്ടാംപകുതി വിസിൽ മുഴങ്ങിയതിനു പിന്നാലെ ജപ്പാൻ നടത്തിയ ഹൈപ്രെസ്സിങ് ഗെയിമിന്റെ തീവ്രത, പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന സ്‌പെയിനിനു മനസ്സിലായത് പന്ത് സ്വന്തം വലയിൽ കയറിയപ്പോഴാണ്. ഹാഫ് ടൈമിൽ ഇറങ്ങിയ റിറ്റ്‌സു ഡോണിന്റെ കാൽക്കരുത്തിനു മുന്നിൽ ഉനായ് സിമോൺ ഒന്നുമല്ലാതായിപ്പോയി. നിമിഷാർധത്തിൽ ഇരമ്പിയാർത്ത ജപ്പാൻ തനാക്കയിലൂടെ അടുത്ത ഗോളും നേടിയതോടെ കളി സ്‌പെയിനിന്റെ കൈവിട്ടു. ഗോൾവര കടന്നെന്ന് എല്ലാവരും വിശ്വസിച്ച പന്തിനെ ബോക്‌സിലേക്കു കൊണ്ടുവന്ന ഡോൺ കൂടിയായിരുന്നു ആ ഗോളിന്റെ അവകാശി. ഒരു ഘട്ടത്തിൽ ജർമനിക്കെതിരെ 2-1 ലീഡെടുത്തിരുന്ന കോസ്റ്ററിക്ക ആ കളി ജയിച്ചിരുന്നെങ്കിൽ സ്‌പെയിനും പെട്ടി കെട്ടേണ്ടതായിരുന്നു!