ജുഡീഷ്യല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശം
ജഡ്ജിമാരുടെ കുറവ് മൂലം രാജ്യമെന്പാടുമുള്ള കോടതി മുറികള്‍ അടച്ചിടുന്നത് അനുവദിക്കാനാകില്ല. കൊളീജിയം നിയമനങ്ങള്‍ക്കായി സമര്‍പ്പിച്ച ശിപാര്‍ശകളിന്മേല്‍
ജുഡീഷ്യല്‍ നിയമനങ്ങള്‍ വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. നിയമനങ്ങള്‍ക്കായി കൊളീജിയം സമര്‍പ്പിച്ച പേരുകളില്‍ എട്ട് മാസമായി കേന്ദ്ര സര്‍ക്കാര്‍ അടയിരിക്കുകയാണെന്നും, ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കൊളീജിയം പ്രവര്‍ത്തനിത്തിനുള്ള പരിഷ്കരിച്ച നടപടി രേഖയില്‍ തീരുമാനമാകാത്തതാണ് നിയമനങ്ങള്‍ വൈകിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ജുഡീഷ്യല്‍ നിയമനങ്ങള്‍ അനന്തമായി നീളുന്നതിലുള്ള അതൃപ്തി വ്യക്തമാക്കി ഇത് രണ്ടാം തവണയാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. കഴിഞ്ഞ ഏട്ട് മാസത്തിനിടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ നേരത്തെ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സര്‍ക്കാരിനെ ഇന്ന് വീണ്ടും വിമര്‍ശിച്ചത്. കൊളീജിയം അംഗീകാരം നല്‍കിയ പേരുകളില്‍ കഴിഞ്ഞ എട്ട് മാസമായി സര്‍ക്കാര്‍ അടയിരിക്കുകയാണ്. രാജ്യമെമ്പാടും നിരവധി കോടതി മുറികള്‍ മതിയായ ജഡ്ജിമാരില്ലാതെ അടഞ്ഞ് കിടക്കുകയാണ്. ഇത്തരത്തില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം കൊളീജിയം സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നടപടി രേഖയില്‍ സുപ്രിം കോടതി തീരുമാനമെടുക്കാത്തതാണ് നിയമനം വൈകിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പുതിയ നടപടി രേഖ നടപ്പില്‍ വരാത്തതിന്റെ പേരില്‍ ജുഡീഷ്യല്‍ നിയമനം നിര്‍ത്തിവെക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ കോടതി നവംബര്‍ 11ന് വീണ്ടും വാദം കേള്‍ക്കും.