മോദി സോണിയയെ ഭയക്കുന്നതെന്തിന്? കെജ്‍രിവാള്‍
അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാടിനെ കുറിച്ച് സോണിയ ഗാന്ധിയോട് ചോദിക്കാന്‍ പോലും മോദിക്ക് ധൈര്യമില്ലെന്ന് കെജ്‍രിവാള്‍
അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നരേന്ദ്ര മോദി ഭയക്കുന്നത് എന്തിനെന്ന് അരവിന്ദ് കെജ്‍രിവാള്‍. ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് സോണിയ ഗാന്ധിയോട് ചോദിക്കാന്‍ പോലും മോദിക്ക് ധൈര്യമില്ല. കേസില്‍ ഇതുവരെ സോണിയയെ ചോദ്യം ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്തിട്ടില്ല. കുറ്റവാളികലെ സംരക്ഷിക്കാനല്ല അവരെ ശിക്ഷിക്കാനാണ് രാജ്യം താങ്കളെ പ്രധാനമന്ത്രിയാക്കിയതെന്നും കെജ്‍രിവാള്‍ മോദിയോട് പറഞ്ഞു. ജന്തര്‍ മന്തറില്‍ അഗസ്ത വെസ്റ്റ്‍ലാന്‍ഡ് അഴിമതിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‍രിവാള്‍.
2014ല്‍ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മോദി പറഞ്ഞത് അഴിമതി നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തും എന്നായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അഴിമതി നടത്തിയ ആരെയും ജയിലില്‍ അടച്ചില്ല. അഗസ്ത വെസ്റ്റ്‍ലാന്‍ഡ് കേസില്‍ അന്വേഷണം ഒരു ഇഞ്ച് പോലും മുന്നോട്ട് പോയിട്ടില്ലെന്നും കെജ‍്‍രിവാള്‍ കുറ്റപ്പെടുത്തി.
അഴിമതിയുടെ കാര്യത്തിൽ പരസ്പരം കുറ്റപ്പെടുത്തില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും കെജ്‍രിവാള്‍ ആരോപിച്ചു.