ചരക്ക് സേവന നികുതി ബില്‍ നാളെ രാജ്യസഭയില്‍; എംപിമാര്‍ക്ക് വിപ്പ് നല്‍കി
സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി
ചരക്ക് സേവന നികുതി ബില്‍ നാളെ രാജ്യസഭയില്‍ വക്കും. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സമവായ ചര്‍ച്ച പുരോഗതി കണ്ട സാഹചര്യത്തില്‍ ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാകാന്‍ തന്നെയാണ് സാധ്യത.
ഏകീകൃത നികുതി സമ്പ്രദായം ഇന്ത്യയിലും യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലായ ചരക്ക് സേവന നികുതി ബില്‍ നിര്‍ണായ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായ ശേഷമാണ് രാജ്യസഭയിലെത്തുന്നത്. നേരത്തെ ലോകസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളില്‍ ചില ഭേദഗതികള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാന സര്‍ക്കാരുകളും നിര്‍ദ്ദേശിച്ചിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയെല്ലാം കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിട്ടുണ്ട്. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികതി ചുമത്താനുള്ള അവകാശം ഒഴിവാക്കുക, നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ച് വര്‍ഷം കേന്ദ്രം പൂര്‍ണമായും വഹിക്കുക എന്നിവയാണ് മന്ത്രിസഭ അംഗീകരിച്ച പ്രധാന കാര്യങ്ങള്‍.
എങ്കിലും ബില്ലിന്‍ മേല്‍ ഇപ്പോഴും ആശങ്ക ബാക്കിയുണ്ടെന്ന് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ചര്‍ച്ചകള്‍ നടന്നു. എത്രയായിരിക്കും നികുതി നിരക്ക് എന്നത് കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 18 മുതല്‍ 20 ശതമാനം വരെ ആകാമെന്നാണ് കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളുടെ നിലപാട്.