മേവാത്തില്‍ പശു സംരക്ഷകര്‍ അഴിഞ്ഞാടുന്നു; ശ്രദ്ധതിരിക്കാന്‍ ബിരിയാണി റെയ്ഡ് നാടകം
ഗോമാംസം ഭക്ഷിച്ചെന്നാരോപിച്ച് നടന്ന കൂട്ടബലാത്സംഗവും കൊലപാതകങ്ങളും മേവാത്തിനെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു.
ഹരിയാനയിലെ മേവാത്ത് നിവാസികള്‍ക്ക് ഇത്തവണത്തേത് ഭീതിയുടെ ബലിപെരുന്നാളാണ്. ഗോമാംസം ഭക്ഷിച്ചെന്നാരോപിച്ച് നടന്ന കൂട്ടബലാത്സംഗവും കൊലപാതകങ്ങളും മേവാത്തിനെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. ആക്രമണങ്ങളെ മറച്ചുവെക്കാനായാണ് പ്രദേശത്തെ ബിരിയാണിക്കടകളില്‍ ഗോമാംസ ഉപയോഗം ആരോപിച്ച് റെയ്ഡ് നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ഒരുമാസമായി പശുവിറച്ചിയുടെ പേരില്‍ മേവാത്ത്കാര്‍ക്ക് നേരെ നടക്കുന്നത് സംഘടിത ആക്രമണ പരമ്പരകളാണ്. ഗോമാംസം കഴിച്ചെന്നാരോപിച്ച് സംഘം ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുക. തടയാനെത്തിയ ബന്ധുക്കളെ കൊലപ്പെടുത്തുക. മാതാപിതാക്കളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുക. ഇതുവരെ ശാന്തമായിരുന്ന മേവാത്ത് നിവാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു പുതിയ സംഭവ വികാസങ്ങള്‍. ഇരകളാവരെയും സഹായിക്കാനെത്തുന്നവരെയും ഗോരക്ഷകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഗോരക്ഷകരുടെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് നടപടി കൂടുതല്‍ ഭയപ്പെടുത്തുന്നതായാണ് പ്രദേശവാസികളുടെ പ്രതികരണം. വിഷയത്തില്‍ നിന്നും വഴുതിമാറാനായി സര്‍ക്കാര്‍ നടത്തുന്ന നാടകമായ ബിരിയാണി റെയ്ഡിനെതിരെയും ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് രൂപപ്പെടുന്നത്.