പൂക്കള്‍ കൊണ്ടുള്ള സ്വീകരണം ഒഴിവാക്കണമെന്ന് യോഗി ആദിത്യനാഥ്
ലക്‍നൌവില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ പൂക്കള്‍ ഉപയോഗിച്ചുള്ള സ്വീകരണം ഒഴിവാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പകരം ശുചിത്വ ക്യാമ്പയിന്‍ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്‍നൌവില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനും മറ്റ് മന്ത്രിമാരും ഒരു ജില്ല സന്ദര്‍ശിക്കുന്നതിന് മുന്‍പ് അവിടെ ഒരു ശുചിത്വ ക്യാമ്പയിന്‍ തുടങ്ങൂ, അതിന് ശേഷം തങ്ങളെ ക്ഷണിച്ചാല്‍ മതിയെന്ന് പാര്‍ട്ടിപ്രവര്‍ത്തകരോട് ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇത് സ്വച്ഛ് ഭാരതിന്റെ കേവലമൊരു തുടക്കമല്ല, സാധാരണക്കാരുടെ പങ്കാളിത്തം ഇതിലൂടെ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടത്. മോദിയുടെ മാതൃക തങ്ങള്‍ പിന്തുടരുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷപാതത്തിന്റെയും പ്രീണനത്തിന്റെയും കാലഘട്ടം അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. അനധികൃത കശാപ്പ് ശാലകളുടെ നിരോധത്തെക്കുറിച്ചും ആദിത്യനാഥ് പരാമര്‍ശിച്ചു. കശാപ്പ് ശാലകളുടെ നിരോധം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ചിലര്‍ എന്നോട് പറഞ്ഞത്. ഞാനൊരു സസ്യഭുക്കാണ് എന്നു കരുതി എനിക്ക് ഒരു ആരോഗ്യക്കുറവുമില്ല, മറിച്ച് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജമുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.