ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ തല്ലിച്ചതച്ച സംഭവം: പ്രതിഷേധം തുടരുന്നു

Update: 2018-05-07 15:55 GMT
Editor : Sithara
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ തല്ലിച്ചതച്ച സംഭവം: പ്രതിഷേധം തുടരുന്നു
Advertising

സംഭവത്തില്‍ 1200 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസ് നേതാക്കളെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു. സംഭവത്തില്‍ 1200 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് 1200 വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ 16 പേരെയും പിന്തുണ പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാര്‍, പി എല്‍ പുനിയ, അജയ് റായ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു. പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും ഒക്ടോബര്‍ 2 വരെ ജില്ലാ ഭരണകൂടം അവധി നല്‍കി. 1500 സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെയും പരാതിയില്‍ നടപടിയെടുക്കാത്ത സര്‍വകലാശാല അധികൃതര്‍ക്കെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ശനിയാഴ്ച രാത്രിയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്യാനിരുന്ന വഴി ഉപരോധിച്ചും വൈസ് ചാന്‍സിലറുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയതിന് പിന്നാലെയായിരുന്നു ലാത്തിച്ചാര്‍ജ്.

ഇതാണോ ബിജെപിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാമോ എന്ന് സംഭവത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവും പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News