കാഞ്ച ഐലയ്യക്ക് നേരെ ചെരിപ്പേറ്
സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് അദ്ദേഹം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്.
എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ കാഞ്ച ഐലയ്യക്ക് നേരെ ചെരിപ്പേറ്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ വെച്ചാണ് സംഭവം. ആര്യ വൈശ്യ സംഘത്തില്‍ പ്പെട്ടവരാണ് കാഞ്ച ഐലയ്യയെ ആക്രമിക്കാന്‍ ശ്രമിച്ചത്. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് അദ്ദേഹം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്.
വാറങ്കലിലെ പാര്‍ക്കലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കാഞ്ച ഐലയ്യ. വൈശ്യ സമുദായത്തില്‍പ്പെട്ടവര്‍ സംഘടിച്ചെത്തി അദ്ദേഹത്തെ തടയുകയായിരുന്നു. ചെരിപ്പേറ് കൂടി ഉണ്ടായതോടെ സ്വയരക്ഷയ്ക്കായി അദ്ദേഹം പാര്‍ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി.
ഐലയ്യയുടെ സാമാജിക സ്മഗളുരു കോളത്തൊള്ളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകത്തിനെതിനെതിരെ ആര്യ വൈശ്യ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് പരാതി. നാവ് അരിഞ്ഞുകളയുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദിയെന്നും ഐലയ്യ നേരത്തെ പറയുകയുണ്ടായി.
പുസ്തകം പിന്‍വലിക്കണമെന്നാണ് വൈശ്യ സമുദായത്തിന്‍റെ ആവശ്യം. പുസ്തകത്തിന്‍റെ തലക്കെട്ടും പുസ്തകത്തിലെ ചില പരാമര്‍ശങ്ങളും തങ്ങളുടെ സമുദായത്തെ അവഹേളിക്കുന്നതാണെന്നാണ് ഇവരുടെ വാദം.