യുപിയില്‍ കാര്‍ഷികകടം എഴുതിതള്ളല്‍ പ്രഹസനം; എഴുതിതള്ളിയത് 1000 രൂപ വരെ മാത്രം
86 ലക്ഷം കര്‍ഷകരാണ് ഉത്തര്‍പ്രദേശില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞിരുന്നത്.
ഉത്തര്‍പ്രദേശില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളിയത് നാമമാത്രമായ തുകയ്ക്കെന്ന് ആരോപണം. 1000 രൂപ വരെയാണ് ഭൂരിഭാഗം കര്‍ഷകരുടേയും കടം എഴുതിതള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിതള്ളുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം
കര്‍ഷകരുടെ കടം വ്യാപകമായി എഴുതിതള്ളുമെന്ന വാഗ്ദാനവുമായാണ് ബിജെപി സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലേറിയത്. എന്നാല്‍ കടം എഴുതിതള്ളിയത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ പക്ഷെ പാവം കര്‍ഷകരുടെ കണ്ണുതള്ളിപോയി. 19 പൈസ മുതല്‍ 1000 രൂപ വരെയാണ് മിക്ക കര്‍ഷകരുടേയും കടം എഴുതിതള്ളിയത്. സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച ലക്ഷങ്ങളുടെ കടത്തില്‍ മുങ്ങിയ കര്‍ഷകരാണ് ഇതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്.
86 ലക്ഷം കര്‍ഷകരാണ് ഉത്തര്‍പ്രദേശില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞിരുന്നത്. ഇറ്റാവ, ഹാമിര്‍പൂര്‍ തുടങ്ങിയ ജില്ലകളിലാണ് കഴിഞ്ഞ ദിവസം മേളകള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 50 കര്‍ഷകര്‍ക്ക് 100 രൂപയില്‍ താഴെയുള്ള ആനുകൂല്യങ്ങളും 200 ലേറെ പേര്‍ക്ക് ആയിരത്തില്‍ താഴെ രൂപയുടെ വായ്പായിളവുമാണ് ലഭിച്ചത്. കര്‍ഷക കടം എഴുതിത്തള്ളല്‍ മേള തട്ടിപ്പാണെന്നാരോപിച്ച പ്രതിപക്ഷം, കര്‍ഷകരെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.