യോഗിആദിത്യനാഥിന്‍റെ താജ്മഹല്‍ സന്ദര്‍ശിച്ചു

Update: 2018-05-22 09:11 GMT
Editor : Subin
യോഗിആദിത്യനാഥിന്‍റെ താജ്മഹല്‍ സന്ദര്‍ശിച്ചു
Advertising

താജ്മഹലിനെതിരായ ബിജെപി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ കടുത്ത വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

വിവാദങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന ആഗ്ര സന്ദര്‍ശനത്തില്‍ നിരവധി വികസന - ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കും യോഗി ആദിത്യനാഥ് തുടക്കമിടും.

രാവിലെ 9 മണിക്ക് ആഗ്രയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു മണിക്കൂറിന് ശേഷമാണ് താജ്മഹലിലെത്തിയത്. ഷാജഹാന്‍ പാര്‍ക്കും ഷാജഹാന്റെയും മുംതാസിന്റെയും കല്ലറകളും യോഗി സന്ദര്‍ശിച്ചു. താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. നിരവധി ബിജെപി പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു.

താജ്‍മഹലിൽ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടലാണ് ശ്രദ്ധേയമായ മറ്റൊരു പരിപാടി. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന ആഗ്ര സന്ദര്‍ശനത്തില്‍ നിരവധി പദ്ധതികളുടെ പ്രഖ്യാപനം, തറക്കല്ലിടല്‍, പദ്ധതി പ്രദേശ സന്ദര്‍ശനങ്ങള്‍ എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കിടെ പ്രഖ്യാപിച്ച 370 കോടിയുടെ ആഗ്ര നഗര വികസന പദ്ധതി സംബന്ധിച്ച കൂടിയാലോചനകളും നടന്നേക്കും.

പദ്ധതിയുടെ ഭാഗമായി ആലോചനയിലുള്ള ആഗ്ര അന്താരാഷ്ട്ര വിമാനത്താവളം സംബന്ധിച്ച അവലോകന യോഗവും നടക്കും. യുപി സര്‍ക്കാരിന്‍റെ വിനോദ സഞ്ചാര ബുക്ലെറ്റില്‍ നിന്ന് താജമഹലിനെ ഒഴിവാക്കിയതും തുടര്‍ന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളും വിവാദമായിരുന്നു. ശിവ ക്ഷേത്രം തകർത്താണ് ഷാജഹാൻ താജ്‌മഹൽ ഉണ്ടാക്കിയെന്നുള്ള ബിജെപി നേതാക്കളുടെ ആരോപണം പാര്‍ട്ടിക്കുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനാണ് യോഗിയുടെ സന്ദര്‍ശനമെന്നാണ് പ്രതിപക്ഷ ആരോപണം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News