യുപിയില്‍ ഉറങ്ങിക്കിടന്ന രണ്ട് ദലിത് യുവാക്കളെ പെട്രോളൊഴിച്ച് കത്തിച്ചു, ഒരാള്‍ മരിച്ചു
ഗോരഖ്പൂര്‍ ജില്ലയിലെ ചോരാ ചൌരി, ദുമ്രി ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്
ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് ദലിത് യുവാക്കളുടെ ദേഹത്ത് തീയിട്ടു, ഒരാള്‍ കൊല്ലപ്പെട്ടു.
ഗോരഖ്പൂര്‍ ജില്ലയിലെ ചോരാ ചൌരി, ദുമ്രി ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഗ്രാമത്തിലെ മുന്‍ പഞ്ചായത്ത് അംഗമായ രാജ്ദേവ് പസ്വാന്റെ ഉടമസ്ഥതയിലുള്ള സിമന്റ് പൈപ്പ് ഫാക്ടറിയിലെ ജീവനക്കാരാണ് ദലിതരായ സന്തോഷ് പാസ്വാന്‍(26), നര്‍മ്മദ പാസ്വാന്‍(30) എന്നിവര്‍. കഴിഞ്ഞ ദിവസം ഫാക്ടറിക്ക് മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്ത് ആറോളം പേരടങ്ങുന്ന സംഘമെത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരുടെയും അലറിക്കരച്ചില്‍ കേട്ട് സമീപവാസികളാണ് ഇവരെ ബിആര്‍ഡ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ലക്നൌവിലെ പിജിഐയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്കിടയില്‍ സന്തോഷ് പാസ്വാന്‍ മരിക്കുകയും ചെയ്തു. നര്‍മ്മദയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവര്‍ക്കും 90 ശതമാനം പൊള്ളലേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാജ്ദേവ് പാസ്വാന്റെ ഭാര്യ രൂപ ദേവി രാധേ ശ്യാം മൌര്യയുടെ ഭാര്യയായ മുന്നാ ദേവിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിരുന്നു. അന്നു മുതല്‍ മൌര്യ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്ദേവ് പാസ്വാന്റെ സഹോദരന്‍ കമല്‍ദേവ് പറഞ്ഞു.
ദലിതര്‍ക്കെതിരായുള്ള പീഡനത്തില്‍ യുപി ഒന്നാം സ്ഥാനത്താണ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനവുമായി ബന്ധപ്പെട്ട് 8,358 കേസുകളാണ് 2015ല്‍ റിപ്പോര്‍ട്ട്ചെയ്തത്. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദലിതര്‍ക്കെതിരായുള്ള പീഡനം 3.5 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.