പതഞ്ജലി, കോള്‍ഗേറ്റിന്റെ ഗേറ്റ് അടച്ചുപൂട്ടും, നെസ്‍ലെയുടെ കൂട്ടിലെ പക്ഷിയെ പറത്തി വിടും- ബാബാ രാംദേവ്

Update: 2018-05-26 08:56 GMT
Editor : admin
പതഞ്ജലി, കോള്‍ഗേറ്റിന്റെ ഗേറ്റ് അടച്ചുപൂട്ടും, നെസ്‍ലെയുടെ കൂട്ടിലെ പക്ഷിയെ പറത്തി വിടും- ബാബാ രാംദേവ്
Advertising

എന്റെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‌ ഞാന്‍ തന്നെയാണ്.. എന്റെ സേവനം തികച്ചും സൌജന്യവുമാണ്

തന്റെ പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണി കൈയടക്കി കഴിഞ്ഞെന്നും കോള്‍ഗേറ്റ്, യൂണിലെവര്‍, നെസ്‍ലെ പോലുള്ള കമ്പനികള്‍ താമസിയാതെ ഇന്ത്യയിലെ കച്ചവടം നഷ്ടപ്പെട്ട് നാടുപിടിക്കുമെന്നും യോഗ ഗൂരു ബാബ രാംദേവ്.

''ഈ വര്‍ഷം പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍പ്പനയില്‍ കോള്‍ഗേറ്റിനെ മറികടന്നു കഴിഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ യൂണിലെവറിനെ മറികടക്കും'' -രാംദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''പതഞ്ജലി ഉത്പന്നങ്ങള്‍ കോള്‍ഗേറ്റിന്റെ ഗേറ്റ് അടച്ചുപൂട്ടും, നെസ്‍ലെയുടെ ലോഗോയുടെ കൂട്ടിലെ പക്ഷിയെ ഞങ്ങള്‍ പറത്തി വിടും'' -യോഗാ ഗുരു വെല്ലുവിളിക്കുന്നു.

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അയ്യായിരം കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി വളര്‍ന്ന തന്റെ ഭക്ഷ്യ-മരുന്നു ഉല്‍പാദന ശൃംഖലക്ക് അടുത്ത വര്‍ഷം പതിനായിരം കോടി വിറ്റുവരവുണ്ടാകുമെന്നും ബാബ രാംദേവ് അവകാശപ്പെടുന്നു.

''മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മാര്‍ക്കറ്റ് ഷെയറുകള്‍ പതഞ്ജലി കമ്പനി തിന്നുതീര്‍ക്കുമോ'' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിപ്പോള്‍, ''മറ്റു കമ്പനികളുടെ ഷെയര്‍ ഞങ്ങള്‍ തിന്നില്ല, ഞങ്ങള്‍ പൂര്‍ണമായും വെജിറ്റേറിയനാണ്'' എന്ന് മറുപടി.

''പതഞ്ജലിക്ക് ബ്രാന്‍ഡ് അംബാസിഡര്‍മാരില്ല. പതഞ്ജലിയുടെ നെയ്യിന്റെ പരസ്യത്തിലുള്ള ഗുസ്തിക്കാരന്‍ സുശീല്‍ കുമാര്‍ കാശുവാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്. എന്റെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‌ ഞാന്‍ തന്നെയാണ്.. എന്റെ സേവനം തികച്ചും സൌജന്യവുമാണ് താനും...'' രാം ദേവ് തന്റെ കമ്പനിയുടെ വിജയരഹസ്യത്തിന്റെ കാരണങ്ങള്‍ പങ്കുവെച്ചു.

അസം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ആയിരം കോടി മുതല്‍ മുടക്കില്‍ അഞ്ചോ ആറോ പുതിയ പ്രൊസസ്സിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനും പതഞ്ജലിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഗ്രൂപ്പ് സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ കയറ്റുമതിയിലേക്കും ഇ കൊമേഴ്സ് രംഗത്തേക്കും തിരിയാനാണ് കമ്പനി തീരുമാനം.

പതഞ്ജലിയുടെ തേനും സൌന്ദര്യവര്‍ധക വസ്തുക്കളും അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം 10-12 വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണെന്ന് പറയുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ആചാര്യ ബാല്‍കൃഷ്ണ.

പാലുത്പന്നങ്ങളുടെയും യോഗാ വസ്ത്രങ്ങളുടെയും വില്‍പന രംഗത്തേക്ക് കൂടി കാല്‍വെക്കാനൊരുങ്ങുകയാണ് പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലി തൈര്, വെണ്ണ അടക്കം മറ്റ് പാലുത്പന്നങ്ങളും താമസിയാതെ മാര്‍ക്കറ്റിലിറങ്ങുമെന്നും രാംദേവ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

കമ്പനിക്ക് 40,000 വിതരണക്കാരും 10,000 ഷോപ്പുകളും 100 മെഗാ ഷോപ്പുകളും ഈ വര്‍ഷം ഉണ്ടാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും രാം ദേവ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News