കുല്‍ഭൂഷന് ശിക്ഷായിളവ് തേടി ഇന്ത്യ അപ്പീല്‍ നല്‍കി
ഇന്ത്യ പാകിസ്താന്‍ സൈനിക കോടതിയില്‍ അപ്പീല്‍ നല്‍കി.
പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ ശിക്ഷാ ഇളവിനായി ഇന്ത്യ അപ്പീല്‍ നല്‍കി. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പാക് വിദേശകാര്യ സെക്രട്ടറിക്ക് അപ്പീല്‍ ഔദ്യോഗികമായി കൈമാറി. അതേസമയം കുല്‍ഭൂഷണിന്‍റെ വക്കാലത്ത് ഏറ്റടുക്കരുതെന്ന് അഭിഭാഷകര്‍ക്ക് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി.
കുല്‍ഭൂഷണ് ശിക്ഷാ ഇളവ് തേടി ഇന്ത്യക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജുവയെ നേരിട്ട് കണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൌതം ബംബാവാലെ അപ്പീല്‍ ഔദ്യോഗികമായി കൈമാറിയത്. കുല്‍ഭൂഷണന്‍റെ അമ്മയുടെ പേരിലാണ് അപ്പീല്‍. പാക് സൈനിക നിയമത്തിലെ 133(ബി) വകുപ്പ് പ്രകാരമുള്ള ശിക്ഷാഇളവാണ് തേടിയിരിക്കുന്നത്. കുല്‍ഭൂഷണിനായി വാദിക്കാന്‍ അഭിഭാഷകനെ തരപ്പെടുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
എന്നാല്‍ കുല്‍ഭൂഷന്‍റെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് പാകിസ്താനിലെ അഭിഭാഷകരോട് പാക് സര്‍ക്കാരും ബാര്‍കൌണ്‍സിലും വീണ്ടും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യാഗസ്ഥര്‍ക്ക് കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതിയും ഇന്ന് സ്ഥാനപതി വഴി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 15 തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല.