നവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം

Update: 2018-05-28 09:51 GMT
Editor : Jaisy
നവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം
Advertising

മഹാനവമി ദിനത്തില്‍ നടക്കുന്ന രഥോല്‍സവം ഇന്ന് രാത്രി 8.30ന് ആരംഭിക്കും

നവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം. മഹാനവമി ദിനത്തില്‍ നടക്കുന്ന രഥോല്‍സവം ഇന്ന് രാത്രി 8.30ന് ആരംഭിക്കും. വിജയദശമി ദിനമായ ശനിയാഴ്ച പുലര്‍ച്ചമുതല്‍ കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കും. മലയാളികളടക്കം ആയിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭത്തിനുമായി ക്ഷേത്ര സന്നിധിയില്‍ എത്തിയത്.

Full View

ക്ഷേത്രം മുഖ്യ തന്ത്രി രാമചന്ദ്ര അഡികയുടെ കാര്‍മികത്വത്തിലാണ് രഥോത്സവ ചടങ്ങുകള്‍. പ്രദോഷപൂജയ്ക്കുശേഷം ശ്രീകോവിലില്‍ സുഹാസിനീപൂജ നടക്കും. വ്യത്യസ്തഭാവത്തിലുള്ള ദേവിയുടെ പ്രതിരൂപമായ 9 സുമംഗലിമാരെ ശ്രീകോവിലില്‍ പൂജിക്കുന്നതാണ് സുഹാസിനീപൂജ. അത്താഴശീവേലി കഴിഞ്ഞ് രഥശുദ്ധിക്കും മറ്റു വിശേഷപൂജകള്‍ക്കും ശേഷം ദേവിയുടെ രഥാരോഹണം നടക്കും. തുടര്‍ന്ന് ചുറ്റമ്പലത്തില്‍ രഥം വലിച്ചുള്ള ഒറ്റ പ്രദക്ഷിണം. പ്രദക്ഷിണം പൂര്‍ത്തിയാക്കി വീരഭദ്രസ്വാമിക്കു മുന്‍പില്‍ രഥം നിശ്ചലമായാല്‍ നാണയം വിതറുന്ന ചടങ്ങാണ്. അതുകൂടി കഴിഞ്ഞാല്‍ ദേവി തേരില്‍ നിന്നിറങ്ങും. അഷ്ടാവധാനസേവയാണ് പിന്നെ. ദേവിയെ സരസ്വതീമണ്ഡപത്തില്‍ ഇരുത്തിയാണ് ഈ ചടങ്ങ്. സരസ്വതീമണ്ഡപത്തില്‍ നിന്ന് ശ്രീകോവിലിലേക്ക് മടങ്ങുന്ന ദേവിക്ക് കലശാഭിഷേകം നടത്തും. തുടര്‍ന്ന് കഷായ ദീപാരാധനയോടെ നടയടക്കും. വിജയദശമിനാളായ നാളെ രാവിലെ നാലിന് നട തുറന്ന് വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്കു മുന്‍പ് ക്ഷേത്രസന്നിധിയിലെത്തി തുകയടയ്ക്കുന്ന ആര്‍ക്കും വിദ്യാരംഭം കുറിക്കാനാവും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന വിശേഷാല്‍ പൂജകളോടെ 9 നാള്‍ നീണ്ട് നില്‍ക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തി കുറിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News