ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Update: 2018-05-29 22:35 GMT
Editor : admin
ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
Advertising

56 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. 56 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മേഖലകളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

വടക്കന്‍ ബംഗാളിലെ ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുഡി, ഡാര്‍ജിലിങ്ങ്, ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ്‍ ദിനാജ്പൂര്‍, മാല്‍ഡ, ഭീര്‍ഭൂം എന്നീ ജില്ലകളിലായുള്ള 56 മണ്ഡലങ്ങളില്‍ 383 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഇതില്‍ 33 പേര്‍ വനിതകളാണ്. 45 സിറ്റിങ്ങ് എം.എല്‍.എമാരാണ് ഈ ഘട്ടത്തില്‍ വീണ്ടും ജനവിധി തേടുന്നത്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന മേഖലയിലാണ് രണ്ടാം ഘട്ടത്തില്‍ പോളിങ്ങ് നടക്കുന്നത്.

കോണ്‍ഗ്രസ് ഇടത് ബന്ധം ആദ്യമായി പരീക്ഷിച്ച് വിജയിച്ച സിലിഗുരിയില്‍ മേയറും മുന്‍ മന്ത്രിയുമായ സി.പി.എം നേതാവ് അശോക ഭട്ടാചാര്യ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ബൈച്ചുങ്ങ് ബൂട്ടിയയെ നേരിടുന്നു. തൃണമൂല്‍ നേതാവും വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയുമായ ഗൌതം ദേബ് ദാബ്ഗ്രാം ഫുല്‍ബാരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. ഭക്ഷ്യ സംസ്കരണമന്ത്രി കൃഷ്ണേന്ദു നാരായണ്‍ ചൌധരി ഇംഗ്ലീഷ് ബസാര്‍ മണ്ഡലത്തില്‍ നിന്നും അഭയാര്‍ത്ഥി പുനരധിവാസ മന്ത്രി സാബിത്രി മിത്ര മാണിക്ചക്ക് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.
രണ്ടാം ഘട്ടത്തിലും കര്‍ശന നിരീക്ഷണ സംവിധാനങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളായി കണക്കാക്കുന്ന ബിര്‍ഭും ജില്ലയിലെ ദുബ്രാജ് പൂര്‍, സൂരി, നല്‍ഹട്ടി, രാംപൂര്‍ഹാട്ട്, സൈന്തിയ, ഹാന്‍സന്‍, മുരാറായ് എന്നീ ഏഴ് മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News