ഹിന്ദു തീവ്രവാദമുണ്ടെന്ന് പറയുന്നവര്‍ രാജ്യദ്രോഹികള്‍, രാജ്യം അവരോട് പൊറുക്കില്ല: യോഗി
രാജ്യത്ത് അസഹിഷ്ണുതയും ഹിന്ദു തീവ്രവാദവുമുണ്ടെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്നും രാജ്യം അവരോട് പൊറുക്കില്ലെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജ്യത്ത് അസഹിഷ്ണുതയും ഹിന്ദു തീവ്രവാദവുമുണ്ടെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്നും രാജ്യം അവരോട് പൊറുക്കില്ലെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച് പണം സമ്പാദിക്കുകയാണ് ബുദ്ധിജീവികളുടെ ലക്ഷ്യം. ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കുന്നവരാകട്ടെ വിദേശ സഹായം സ്വീകരിക്കുന്നു. ഇവര്‍ രാജ്യദ്രോഹികളാണെന്നും രാജ്യം ഒരിക്കലും ഇവരോട് ക്ഷമിക്കില്ലെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
സനാതന ധര്‍മ്മമാണ് ഇന്ത്യയിലെ ഏകമതം. മതേതരത്വം എന്നൊന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണിത്. സ്വന്തം വിശ്വാസങ്ങള്‍ പിന്തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ രാജ്യത്തിനുള്ള സ്ഥാനം അതിന് മുകളിലാണ്. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്തിനെതിരെ അസഹിഷ്ണുതയുടെയും ഹിന്ദുതീവ്രവാദത്തിന്റെയും പേരില്‍ വിമര്‍ശനം ഉന്നയിച്ച് രാജ്യത്തെ ഒറ്റിക്കൊടുക്കരുതെന്നും യോഗി പറഞ്ഞു.
ഹിന്ദുയിസം സംസ്‌കാരവും ജീവിതരീതിയുമാണ്. ഈ ഹിന്ദുരാഷ്ട്രം മുസ്‌ലിംകള്‍ക്കും സൗരാഷ്ട്രക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മറ്റുള്ളവര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്. എല്ലാ മതങ്ങളെയും ഈ രാജ്യം ബഹുമാനിക്കുന്നു. അതിനര്‍ത്ഥം ഹിന്ദുക്കളെ ഭീകരവാദികളെന്ന് വിളിക്കാന്‍ ആരെയെങ്കിലും അനുവദിക്കുമെന്നല്ലെന്നും യോഗി വ്യക്തമാക്കി.
ഭഗവാന്‍ കൃഷ്ണനും രാമനും യുദ്ധങ്ങള്‍ക്ക് എതിരായിരുന്നു. പക്ഷേ ദുഷ്ടന്മാര്‍ക്കെതിരെ അവര്‍ ആയുധമെടുത്തു. ഞങ്ങള്‍ ഭീരുക്കളല്ല. ദുഷ്ടശക്തികള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ അറിയാമെന്നും യോഗി പറഞ്ഞു.