"സത്യം പറയുക എന്നതാണ് എന്‍റെ പ്രാഥമിക ദൌത്യം": അമിത്ഷായുടെ മകനെതിരായ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക
സത്യം പറയുക എന്നതാണ് പ്രാഥമികമായി തന്‍റെ ദൌത്യമെന്ന് അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ അവിശ്വസനീയ സാമ്പത്തികലാഭം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രോഹിണി സിങ്.
സത്യം പറയുക എന്നതാണ് പ്രാഥമികമായി തന്‍റെ ദൌത്യമെന്ന് അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ അവിശ്വസനീയ സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രോഹിണി സിങ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം തനിക്കുണ്ടായ മോശം പ്രതികരണങ്ങള്‍ രോഹിണി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
2011ല്‍ താന്‍ റോബര്‍ട്ട് വദ്രയ്ക്ക് ഡിഎല്‍എഫുമായുള്ള ഇടപാടുകളെ കുറിച്ച് വാര്‍ത്ത നല്‍കിയപ്പോള്‍ ഇന്നുണ്ടായ പോലുള്ള മോശം പ്രതികരണങ്ങള്‍ ഉണ്ടായില്ല. ഇന്നിപ്പോള്‍ ഓണ്‍ലൈനില്‍ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണ്. ഒരു ബിജെപി നേതാവ് പറഞ്ഞത് ഞങ്ങളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അവരുടെ നേതാക്കളുടെ കൈവശമുണ്ടെന്നാണ്. നല്ലത്. മാധ്യമ പ്രവര്‍ത്തകരെ അധികാരം കൈവശമുള്ളവര്‍ അപമാനിച്ച് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും രോഹിണി എഴുതി.
എന്താണ് വാര്‍ത്ത എന്നതിനുള്ള പ്രശസ്തമായ നിര്‍വചനം ആരോ എവിടെയോ മൂടിവെയ്ക്കാന്‍ നോക്കുന്നതാണ് വാര്‍ത്ത എന്നാണ്. മറ്റെല്ലാം പരസ്യങ്ങളാണ്. വാര്‍ത്തയുടെ കാര്യത്തില്‍ താനൊരിക്കലും ഫോക്കസ് നഷ്ടപ്പെടുത്തില്ല. തനിക്ക് ചുറ്റും കാണുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ താല്‍പര്യം മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുകയാണ്. താന്‍ ധീരയായതുകൊണ്ടല്ല മറിച്ച് മാധ്യമപ്രവര്‍ത്തനമാണ് തൊഴില്‍ എന്നതുകൊണ്ടാണ് താന്‍ വാര്‍ത്ത ചെയ്യുന്നതെന്നും രോഹിണി സിങ് വ്യക്തമാക്കി.