സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കാന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം
പരീക്ഷകള്‍ വിഭജിച്ച് നടത്താനും പരീക്ഷ നടത്തിപ്പിന്റെ ദൈര്‍ഘ്യം കുറക്കാനുമാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കാന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം. പരീക്ഷകള്‍ വിഭജിച്ച് നടത്താനും പരീക്ഷ നടത്തിപ്പിന്റെ ദൈര്‍ഘ്യം കുറക്കാനുമാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ രഹസ്യ കോഡുകളും ക്യുആര്‍ കോഡുകളും ഉപയോഗിച്ച് ചോദ്യപേപ്പറുകള്‍ സുരക്ഷിതമാക്കണമെന്നും സമിതിയുടെ നിര്‍ദേശമുണ്ട്.
പന്ത്രണ്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും സിബിഎസ്ഇ പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് . മുന്‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി വി എസ് ഒബ്റോയി നേതൃത്വം നല്‍കുന്ന ഏഴംഗ സംഘമാണ് സമിതിയില്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള പരിഷ്കാര നടപടികള്‍ നിര്‍ദേശിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്. ചോര്‍ച്ച തടയാന്‍ രഹസ്യ കോഡുകള്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകള്‍ ഡിജിറ്റലായി പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് കൈമാറണമെന്നാണ് ഒരു നിര്‍ദേശം. ചോദ്യപേപ്പര്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാന്‍ നിരവധി പേര്‍ ഇടപെടണമെന്ന നിലവിലെ അവസ്ഥ മാറ്റുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളുടെ പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും അല്ലാത്തവ ജനുവരി, ഫെബ്രുവരി മാസങ്ങളിലും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏഴ് ആഴ്ച വരെ പരീക്ഷകള്‍ നീണ്ടുപോകുന്നത് പുതിയ പരിഷ്കാരത്തിലൂടെ സിബിഎസ്ഇക്ക് കുറക്കാനാകും. എല്ലാ പരീക്ഷാ ബോര്‍ഡുകളും ചോദ്യങ്ങള്‍ക്ക് ഏകീകൃതരീതി പിന്തുടരണമെന്നും സമിതി വ്യക്തമാക്കി. പരീക്ഷകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നടത്താന്‍ ശ്രമിക്കണമെന്നും സ്വകാര്യ സ്കൂളുകളില്‍ നടത്തുകയാണെങ്കില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.