കരുണാനിധിയുടെ മരണത്തോടെ ഡി.എം.കെയില്‍ മക്കള്‍പ്പോര്

പ്രസിഡന്റായി എം.കെ. സ്റ്റാലിന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ, കളത്തിന് പുറത്തുനിന്ന് എം.കെ. അഴഗിരി യുദ്ധം തുടങ്ങി കഴിഞ്ഞു.

Update: 2018-08-13 07:44 GMT
Advertising

എം.കരുണാനിധിയുടെ മരണത്തോടെ ഡി.എം.കെയില്‍ മക്കള്‍ തര്‍ക്കവും ആരംഭിച്ചു. പ്രസിഡന്റായി എം.കെ. സ്റ്റാലിന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ, കളത്തിന് പുറത്തുനിന്ന് എം.കെ. അഴഗിരി യുദ്ധം തുടങ്ങി കഴിഞ്ഞു. പാര്‍ട്ടിയില്‍ തിരിച്ചുവരവിനുള്ള മികച്ച സമയമായാണ് അഴഗിരി അവസരത്തെ കാണുന്നത്.

"ഞാനിപ്പോള്‍ ഡി.എം.കെയില്‍ ഇല്ല. എന്നാല്‍ എം.കരുണാനിധിയുടെ അണികള്‍ എനിക്കൊപ്പമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നോടാണ് പ്രിയം. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പറയും," പാര്‍ട്ടിയുടെ നിര്‍വാഹക സമിതി യോഗം നാളെ നടക്കാനിരിക്കെ അഴഗിരി പറഞ്ഞു.

മക്കള്‍ തര്‍ക്കം രൂക്ഷമായതോടെയാണ് കരുണാനിധി, അഴഗിരിയെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്ന് നീക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നുവരെ ഒഴിവാക്കി. കലൈഞ്ജര്‍ ആശുപത്രിയിലായതിന് ശേഷം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ അഴഗിരിയുണ്ടായിരുന്നു. നാളെ നടക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ധാരണയുണ്ടാക്കി, 19ന് നടക്കുന്ന ജനറല്‍ ബോഡിയില്‍, സ്റ്റാലിന്റെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം പ്രഖ്യാപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം.

പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള അവസരത്തെ പരമാവധി ഉപയോഗിക്കുകയെന്നതാണ് അഴഗിരിയുടെ ലക്ഷ്യം. പ്രവര്‍ത്തകരെയും മുതിര്‍ന്ന നേതാക്കളെയും സ്റ്റാലിന് എതിരാക്കി, പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അഴഗിരി നോക്കുന്നത്. മകന്‍ ഉദയനിധി സ്റ്റാലിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള സ്റ്റാലിന്റെ ശ്രമവും അഴഗിരിയെ ചൊടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News