100രൂപയുടെ വാച്ചിനെ ചൊല്ലി തര്‍ക്കം; 12കാരനെ കൂട്ടുകാര്‍ കൊലപ്പെടുത്തി
ഒറ്റ മുറി വീട്ടിലാണ് സണ്ണിയും അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഈ വീടിനു പുറത്തായാണ് സണ്ണിയെ കഴുത്തില്‍ കുരുക്ക് മുറുക്കിയ നിലയില്‍ കണ്ടെത്തിയത്.
100രൂപയുടെ പ്ലാസ്റ്റിക് റിസ്റ്റ് വാച്ചിനെ ചൊല്ലിയുള്ള തര്‍ക്കം 12കാരന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലാണ് രാജ്യത്തെ നടുക്കിയ സംഭവം. യുപി നോയിഡയിലെ ഗോദ ഗ്രാമത്തില്‍ സ്വകാര്യസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂട്ടുകാരായ രണ്ട് കുട്ടികളെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302 പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗോദയില്‍ ആസാദ് വിഹാറിലെ ഒറ്റ മുറി വീട്ടിലാണ് സണ്ണിയും അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഈ വീടിനു പുറത്തായാണ് സണ്ണിയെ കഴുത്തില്‍ കുരുക്ക് മുറുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മറ്റൊരു സഹോദരനും സ്ഥലത്തില്ലായിരുന്നു. കളിക്കാന്‍ പോയ അനിയന്‍ വെള്ളം കുടിക്കാനായി തിരികെ എത്തിയപ്പോഴാണ് സണ്ണിയെ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍ അയല്‍വാസികളെ വിളിച്ചു കൂട്ടി. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സണ്ണിയുടെ അച്ഛന്‍ രാജു എത്തി കുട്ടിയെ മയൂര്‍ വിഹാറിലെ ലാല്‍ ബഹദൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
100രൂപയുടെ പ്ലാസ്റ്റിക് റിസ്റ്റ് വാച്ചിനെ ചൊല്ലി സണ്ണിയും കൂട്ടുകാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ മുമ്പ് കൂട്ടുകാരനായ അവിശേക് സണ്ണിക്ക് സമ്മാനമായി നല്‍കിയതായിരുന്നു വാച്ച്. ഈ വാച്ച് സണ്ണി മറ്റൊരു കൂട്ടുകാരന് കൊടുത്തു. ആ സുഹൃത്ത് ഈ വാച്ച് മറ്റൊരു സുഹൃത്തിനും നല്‍കി. സണ്ണി വാച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവര്‍ ഓടിപ്പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.