പിഴയോ? എനിക്കോ ? ഞാന്‍ മുഖ്യമന്ത്രിയുടെ അളിയനാണ്...
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം വാഹനത്തില്‍ ഉപയോഗിക്കുന്ന സൈറനും കാറില്‍ ഘടിപ്പിച്ച് യാത്ര ചെയ്തയാളെ ട്രാഫിക് പൊലീസ് തടഞ്ഞതോടെയാണ്
കുടുംബത്തില്‍ ഒരു ജനപ്രതിനിധിയോ മന്ത്രിയോ ഉണ്ടായാല്‍ ആ പേരും പറഞ്ഞ് മുതലെടുപ്പ് നടത്തുന്നവരുണ്ട്. ബന്ധുക്കളല്ലാത്തവര്‍ പോലും ഇല്ലാത്ത ബന്ധുത്വത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് അത്ര പുതുമയുള്ള കാര്യവുമല്ല. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇതുപോലൊരു സംഭവമുണ്ടായത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം വാഹനത്തില്‍ ഉപയോഗിക്കുന്ന സൈറനും കാറില്‍ ഘടിപ്പിച്ച് യാത്ര ചെയ്തയാളെ ട്രാഫിക് പൊലീസ് തടഞ്ഞതോടെയാണ് മുഖ്യമന്ത്രിയുമായുള്ള തന്‍റെ ബന്ധം എന്തെന്ന് പറഞ്ഞ് അയാള്‍ തട്ടിക്കയറിയത്.
'ഞാന്‍ മുഖ്യമന്ത്രിയുടെ അളിയനാണ്, എനിക്കാണോ പിഴയിടുന്നത് ? നീയൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്?' - എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇയാളുടെ ഭാര്യ, ഒരുപിടി കൂടി കടന്ന്, ഫോണെടുത്ത് മുഖ്യമന്ത്രി ഇപ്പോള്‍ വിളിക്കും എന്ന തരത്തില്‍ ഭീഷണിയും മുഴക്കി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വാഹനങ്ങളില്‍ സൈറണ്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനക്കിടെ ആണ് ഇയാള്‍ പിടിയിലായത്.
സംഭവത്തേക്കുറിച്ച് അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''മധ്യപ്രദേശില്‍ എനിക്ക് കോടിക്കണക്കിന് സഹോദരിമാരുണ്ട്. അപ്പോള്‍ സ്വാഭാവികമായും അളിയന്‍മാരുമുണ്ടാകും. പക്ഷേ നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ നടക്കും''. ഏതായാലും പൊലീസ് തടഞ്ഞ എസ്‍.യു.വി രാജേന്ദ്ര സിങ് ചൌഹാന്‍ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു.