പട്ടേല്‍ സംവരണം: ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി
സമരം പരാജയപ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുകയാണെന്നും ആയിരക്കണക്കിന് അനുയായികളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.
പട്ടേല്‍ സംവരണം ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഹമദാബാദിലെ സ്വന്തം വീടാണ് സമര വേദി. സമരം പരാജയപ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുകയാണെന്നും ആയിരക്കണക്കിന് അനുയായികളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.
2015ല്‍ നടന്ന പട്ടേല്‍ സംവരണ സമരത്തിന്റെ മൂന്നാം വാര്‍ഷികമായ ഇന്നലെയാണ് പട്ടേല്‍ സംവരണ വിഷയം വീണ്ടും ഗുജറാത്തില്‍ സജീവമാക്കിക്കൊണ്ട് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഗാന്ധിനഗറിലെ പൊതുവേദിയില്‍ നിശ്ചയിച്ചിരുന്ന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹാര്‍ദിക് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള അഹമദാബാദിലെ ഫാം ഹൌസാണ് സമര വേദി. പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി അനുഭാവികളായ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സാന്നിധ്യത്തിലാണ് സമരം തുടങ്ങിയത്. ഈ എം.എല്‍.എമാര്‍ ഇന്ന് ഹാര്‍ദികിനൊപ്പം പ്രതീകാത്മകമായി നിരാഹാരം കിടക്കും.
ഹാര്‍ദികിന്റെ സമരത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഗുജറാത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. 2015ലെ സംവരണ സമരത്തിന്റെ കേന്ദ്ര ഭൂമിയായിരുന്ന സൌരാഷ്ട്രയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹാര്‍ദികിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാതൊരു വിധത്തിലുള്ള പരിപാടികളും പ്രദേശത്ത് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നിരാഹാര സമരവേദിയിലേക്ക് പുറപ്പെട്ട ആയിരങ്ങളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് ഹാര്‍ദിക് ആരോപിച്ചു.
അതേസമയം ആരോപണം പൊലീസ് നിഷേധിച്ചു. 200ല്‍ താഴെ ആളുകളെ മാത്രമേ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളൂ എന്നും 2015ല്‍ നടന്ന വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുവേദിയില്‍ സമരത്തിന് അനുമതി നല്‍കാതിരുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്തായാലും ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെ ഹാര്‍ദിക് പട്ടേലിന്റെ സമരത്തിന് ഗുജറാത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുമോയെന്ന ആശങ്കയിലാണ് ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും.