നീരവ് മോദിയുടെ തട്ടിപ്പില്‍ 3 അമേരിക്കന്‍ കമ്പനികള്‍ക്ക് നേരിട്ട് ബന്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

യുഎസ് കോടതി നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ജോണ്‍ ജെ കാര്‍നി ശനിയാഴ്ച കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

Update: 2018-08-27 13:22 GMT
Advertising

ഇന്ത്യയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പില്‍ മൂന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് നേരിട്ട് ബന്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. യുഎസ് കോടതി നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ജോണ്‍ ജെ കാര്‍നി ശനിയാഴ്ച കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്‍കോര്‍പറേറ്റഡ്, ഫാന്‍റസി ഇന്‍കോര്‍പറേറ്റഡ്, എ ജഫ് ഇന്‍കോര്‍പറേറ്റഡ് എന്നിവയാണ് തട്ടിപ്പില്‍ നേരിട്ട് പങ്കുള്ള വിദേശ കമ്പനികള്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, വിദേശ കമ്പനികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം പങ്ക് വ്യക്തമാക്കുന്നതാണ് 120 ദിവസത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട്. നീരവ് മോദിക്കെതിരായ ഇന്ത്യയിലെ കേസിനെ പിന്താങ്ങുന്നതാണ് ജോണ്‍ ജെ കാര്‍നിയുടെ ഈ റിപ്പോര്‍ട്ട്. ഫയര്‍സ്റ്റാര്‍ ഡയമണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മിഹിര്‍ ബന്‍സാലി, എ ജഫ് സിഎഫ്ഒ അജയ് ഗാന്ധി എന്നിവരുടെ പങ്കും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

നീരവ് മോദി യുകെയില്‍ തന്നെയുണ്ടെന്ന് യുകെ അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. നീരവ് മോദിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ആവശ്യമായ ഏതാനും രേഖകള്‍ എത്രയും വേഗം നല്‍കുവാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുകെ.

കഴിഞ്ഞ ഫെബ്രുവരി 14നാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്സിയും ചേര്‍ന്ന് 11,912.24 കോടി ഇന്ത്യന്‍ രൂപയുടെ(1.7 ബില്ല്യണ്‍ ഡോളര്‍) തട്ടിപ്പ് നടത്തിയ വിവരം പുറത്തായത്. എന്നാല്‍ വാര്‍ത്ത പുറത്തുവരുന്നതിന് ഒരു മാസം മുമ്പേ ഇവര്‍ രാജ്യം വിട്ടിരുന്നു.

Tags:    

Similar News