തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരത്തെ നടക്കും: ചന്ദ്രശേഖര റാവു സര്‍ക്കാര്‍ രാജിവെച്ചേക്കും
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് സൂചന. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിക്കാന്‍ നാളെ വിളിച്ച് ചേര്‍ത്ത മഹാസമ്മേളത്തില്‍ രാജിപ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ടിആര്‍എസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് നേരത്തെ തെലങ്കാന രാഷ്ട്രസമിതി പിന്തുണ പ്രഖ്യാപിച്ചിരുന്നു
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനാണ് തെലങ്കാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിലവിലെ സര്‍ക്കാരിന്‍റെ നല്ല പ്രതിച്ഛായയില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
ടിആര്‍എസ് നടത്തിയ സര്‍വേയില്‍ 117 സീറ്റുകളില്‍ നൂറ് സീറ്റുകള്‍ ജയിക്കാനാകുമെന്നാണ് കണ്ടെത്തിയതെന്ന് ഉന്നത പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് നേരത്തെ ടിആര്‍എസ് പിന്തുണ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെന നിലപാട് അറിയിക്കുകയും ചെയതതാണ്. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ തീരുമാനം കൈക്കൊള്ളാൻ പാര്‍ട്ടി ഒരുങ്ങുന്നത്. സംസ്ഥാനത്തെ 31 ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നാളത്തെ മഹാസമ്മേളനത്തില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകാന്‍ ഇടയുണ്ട്.