കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു
ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സര്‍ക്കാരുകളും പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിട്ടുണ്ട്. പിന്നാലെയാണ് കര്‍ണാടകയും വില കുറച്ചത്.
കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കല്‍ബുര്‍ഗിയിലായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
"ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. കര്‍ണാടക സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി ജനങ്ങളെ അറിയിക്കുകയാണ്. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറയ്ക്കുക. ഇന്ധനവില വര്‍ധനയാല്‍ വലയുന്ന ജനങ്ങള്‍ക്ക് ഇതോടെ അല്‍പം ആശ്വാസമാവുമെന്നാണ് പ്രതീക്ഷ", കുമാരസ്വാമി വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സര്‍ക്കാരുകളും പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിട്ടുണ്ട്. പിന്നാലെയാണ് കര്‍ണാടകയും വില കുറച്ചത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയിലെ 12 നഗരങ്ങളില്‍ പെട്രോള്‍ വില 90 രൂപ കടന്നു.