ഡല്‍ഹിക്കിഷ്ടം ചായ, പക്ഷെ മുംബൈക്ക് പ്രിയം കാപ്പിയോടാണ്
ഇന്ത്യാക്കാരുടെ ചായ പ്രേമത്തെക്കുറിച്ചറിയാന്‍ യൂബര്‍ ഈറ്റ്സ് നടത്തിയ സര്‍വേയിലും തെളിഞ്ഞത് ഓരോ ഇന്ത്യന്‍ നഗരത്തിലെയും ചായ,കാപ്പി പ്രണയത്തിന്റെ ആഴത്തെക്കുറിച്ചായിരുന്നു
ചായയോ കാപ്പിയോ ഇഷ്ടമില്ലാത്ത, കുടിക്കാത്ത ഇന്ത്യാക്കാരുണ്ടോന്ന് ചോദിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം എന്ന് ഉത്തരമായിരിക്കും കേള്‍ക്കുക. കാരണം നമ്മുടെ ചായ,കാപ്പി പ്രിയം രഹസ്യമല്ലാത്ത ഒരു പരസ്യമാണ്. ഇന്ത്യാക്കാരുടെ ചായ പ്രേമത്തെക്കുറിച്ചറിയാന്‍ യൂബര്‍ ഈറ്റ്സ് നടത്തിയ സര്‍വേയിലും തെളിഞ്ഞത് ഓരോ ഇന്ത്യന്‍ നഗരത്തിലെയും ചായ,കാപ്പി പ്രണയത്തിന്റെ ആഴത്തെക്കുറിച്ചായിരുന്നു.
തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ പ്രിയ പാനീയം ചായയാണ്. മെട്രോ നഗരമായ ബംഗളൂരുവിനാണെങ്കില്‍ ചായ ഇല്ലാതെ ദിവസം കഴിച്ചു കൂട്ടാന്‍ തന്നെ സാധിക്കില്ല. ചായയെ ഏറ്റവും സ്നേഹിക്കുന്ന സിറ്റിയായി സര്‍വേ തെരഞ്ഞെടുത്തതും ബംഗളൂരുവിനെയാണ്. പൂനെയും ചായ പ്രേമത്തിന്റെ പിന്നാലെയാണ്.
മുംബൈയാണെങ്കില്‍ എപ്പോഴും കാപ്പിക്ക് പിറകെയാണ്. ദിവസത്തില്‍ രണ്ട് നേരമെങ്കിലും കാപ്പി കുടിക്കുന്നവരാണ് മുംബൈക്കാര്‍. ഓഫീസുകളിലും മറ്റും ഒരു ബട്ടണില്‍ കാപ്പിയും ചായയുമൊക്കെ കിട്ടുന്ന സൌകര്യമുണ്ടായതോടെ ആളുകള്‍ കൂടുതല്‍ ഇത്തരം പാനീയങ്ങള്‍ ആവശ്യപ്പെടുന്നതായി യൂബര്‍ ഈറ്റ്സ് ഇന്ത്യ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി ദീപക് റെഡ്ഡി പറയുന്നു.
ചായയുടെ കാര്യമെടുത്താല്‍ പണ്ടത്തെ പോലയെല്ല, വിവിധ തരത്തിലുള്ള ചായകള്‍ ഇപ്പോള്‍ ലഭ്യമാണ്. കദക് അദ്രക് ചായ, ഇഞ്ചിച്ചായ എന്നിവ നാവിന് പുതുരുചി പകരുന്ന ചായകളാണ്. മസാല ചായ, ഐസ് ടീ, എലാച്ചി ചായ ഇങ്ങിനെ പോകുന്ന ചായ രുചികള്‍. കാപ്പിയുടെ കാര്യമാണെങ്കില്‍ കോള്‍ഡ് കോഫിയാണ് താരം. പരമ്പരാഗത ഫില്‍ട്ടര്‍ കാപ്പിയെക്കാള്‍ ആളുകള്‍ക്ക് ഇപ്പോള്‍ കോള്‍ഡ് കോഫിയോടാണ് പ്രിയം.